01/06/2026
https://www.facebook.com/share/p/1Jc3TYc3zu/
വിശ്രമം മറന്ന സേവനം
മുസ്‌ദലിഫ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുമ്പോഴായിരുന്നു റിയാദിൽ നിന്ന് ഒരു കോൾ വന്നത്. എന്റെ കയ്യിലെ വീൽചെയറിൽ അവശയായി ഇരിക്കുന്ന ആ ഉമ്മയുടെ മകനായിരുന്നു അത്. അറഫയിലെവിടെയോ കാണാതായ തന്റെ ഉമ്മയെ കണ്ടെത്തിയെന്ന വാർത്ത കേട്ടാണ് അയാൾ വിളിച്ചത്. ഇടറുന്ന ശബ്ദത്തോടെ അയാൾ പറഞ്ഞു തീർത്തൊരു വാക്കുണ്ടായിരുന്നു...
"ഉമ്മാക്കൊന്ന് ഫോൺ കൊടുക്കുമോ... ഞാനൊന്ന് സംസാരിച്ചോട്ടെ..."
ആ വാക്കുകൾ കേട്ടപ്പോൾ, വരണ്ടുണങ്ങിയ എന്റെ കണ്ണുകളുടെ ഏതോ കോണിൽ നിന്ന് രണ്ടിറ്റു കണ്ണുനീർ പൊടിഞ്ഞുവീണു...
ആദ്യമായാണ് പരിശുദ്ധ ഹജ്ജ് കർമ്മത്തിന് മക്കയിലെത്തിയ ഹാജിമാർക്ക് സേവനം ചെയ്യാൻ അവസരം ലഭിക്കുന്നത്. കഴിഞ്ഞ വർഷം ശ്രമിച്ചിരുന്നെങ്കിലും അവസരം കിട്ടിയിരുന്നില്ല. ഈ വർഷം HVC (ഹജ്ജ് വളണ്ടിയർ കോർ) യുടെ കീഴിൽ സൗദി ഗവൺമെൻ്റിൻ്റെ പ്രത്യേക അനുമതിയോട് കൂടിയായിരുന്നു മക്കയിലെത്തിയത്. അറഫാ ദിനം രാത്രി പതിനൊന്ന് മണിക്കാണ് മുസ്‌ദലിഫയിലെത്തുന്നത്. ഹാജിമാരൊക്കെ അറഫയിൽ നിന്ന് മുസ്‌ദലിഫയിൽ രാപാർക്കാൻ ഒഴുകിയെത്തുകയാണ്.
പെരുന്നാൾ ദിവസം സുബ്ഹിക്ക് ശേഷം കല്ലെറിയാൻ ഹാജിമാർ മുസ്‌ദലിഫയിൽ നിന്ന് ജംറയിലേക്ക് നീങ്ങാൻ തുടങ്ങി. ജംറയിലേക്ക് ട്രെയിൻ മാർഗ്ഗവും കാൽ നടയായും പോകാം. റെയിൽവേ സ്റ്റേഷനിൽ തിരക്ക് കൂടിയപ്പോൾ അങ്ങോട്ട് പോയി. കൂടെ ഷകീർക്കയും ഉണ്ട്. അപ്പോഴാണ് കുറച്ച് ഉമ്മമാർ അവരുടെ കൂടെ ഉള്ള ഉമ്മക്ക് അസ്വസ്ഥത ഉണ്ടെന്നും ഒന്നു സഹായിക്കണമെന്നും ഞങ്ങളോട് പറയുന്നത്. അതിനിടയിൽ അവർ ഛർദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തതോടെ ഉടനെ ഞങ്ങൾ സ്റ്റേഷനിലെ മെഡിക്കൽ ടീമിനെ വിവരമറിയിക്കുകയും അവരുടെ നിർദേശപ്രകാരം സ്റ്റേഷനിലെ ക്ലീനിക്കിലേക്ക് കൊണ്ട് പോവുകയും ചെയ്തു. ആ ഉമ്മമാരുടെ കൂടെ പുരുഷന്മാർ ആരും ഇല്ലാത്തതിനാൽ ഞങ്ങൾ അവിടെ തന്നെ നിന്നു.
പത്ത് മണിക്കൂറാണ് ആദ്യത്തെ ഷിഫ്റ്റ്. ഒമ്പത് മണിക്ക് തിരിച്ചെത്താനായിരുന്നു ക്യാമ്പിൽ നിന്ന് പറഞ്ഞിരുന്നത്. സമയം ഇപ്പോൾ പത്തും പിന്നിട്ടിരിക്കുന്നു. നല്ല ക്ഷീണമുണ്ടായിരുന്നു. പോരാത്തതിന് ഉറക്കവും കഠിനമായ വിശപ്പും. എങ്കിലും അപൂർവ്വം ചിലർക്ക് കിട്ടുന്ന ഈ അവസരം, അതും വർഷത്തിൽ മൂന്നോ നാലോ ദിവസം മാത്രം. മനസ്സിന് ഒട്ടും ക്ഷീണമില്ലായിരുന്നു. ആ കരുത്തിൽ പിടിച്ചു നിന്നു. ചെക്കപ്പിന് ശേഷം ഉമ്മയെ ക്ലീനിക്കിൽ നിന്ന് പുറത്തിറക്കി. കുഴപ്പമൊന്നുമില്ല, ഭക്ഷണം കഴിക്കാത്തതിൻ്റെ പ്രശ്നമായിരുന്നു. ഭക്ഷണം കഴിച്ച് വിശ്രമിച്ചതിന് ശേഷം കല്ലെറിയാൻ പോയാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ടെൻ്റിലേക്ക് കൊണ്ട് വിടാൻ പ്ലാറ്റ്ഫോമിലേക്ക് കയറിയപ്പോൾ സ്റ്റേഷനിലെ ജീവനക്കാരൻ എൻ്റടുത്ത് വന്നു. വളണ്ടിയർ വേഷം കണ്ടിട്ട് വന്നതാണ്. അവൻ ഒരു വീൽചെയർ ചൂണ്ടി എന്നോട് പറഞ്ഞു, അതിലിരിക്കുന്ന ആളുടെ കൂടെ ആരുമില്ല, നീ അവരെ ഒന്ന് സഹായിക്ക്, അവരുടെ കയ്യിൽ ആരുടെയോ നമ്പറുണ്ട്, അതിലേക്ക് വിളിച്ച് നീ കാര്യം അന്വേഷിക്ക് എന്നൊക്കെ. വീൽചെയറിൽ അവശയായി തല കുനിച്ചിരിക്കുന്ന ഉമ്മയെ കണ്ടപ്പോൾ തന്നെ മലയാളി ആണെന്ന് മനസ്സിലായി. പക്ഷേ അപ്പോഴേക്കും ട്രെയിൻ വന്നു, ഷകീർക്കയും ആ ഉമ്മമാരും ട്രെയിനിലേക്ക് കയറുകയും ചെയ്തു. സ്റ്റേഷനാണേൽ ഹാജിമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓരോ ട്രെയിനും എത്തേണ്ട താമസം തിങ്ങിനിറയുകയാണ്.
എന്തോ ആ ഉമ്മയുടെ ഇരിപ്പ് കണ്ടപ്പോൾ മനസ്സിലെന്തോ സഹതാപം തോന്നി. അവരെ അവിടെ ഇട്ടിട്ട് പോരാൻ മനസ്സനുവദിച്ചില്ല. ഷകീർക്കയോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ഇവരുടെ കാര്യം ഞാൻ നോക്കിക്കോളാം, നീ ആ ഉമ്മയെ നോക്ക് എന്ന്. അങ്ങനെ ഞാൻ ഉമ്മയുടെ നുസുക് കാർഡ് നോക്കിയപ്പോൾ ഈ ഉമ്മയും നേരത്തെ പോയ ഉമ്മമാരുടെ ക്യാമ്പിലേക്കുള്ളതാണ്. ഉടനെ ഷകീർക്കയെ വിളിച്ച് ക്യാമ്പിനടുത്തുള്ള സ്റ്റേഷനിൽ കാത്ത് നിൽക്കാൻ പറഞ്ഞു. അങ്ങനെ ഉമ്മാൻ്റെ ഡയറിയിലെഴുതിയ ആദ്യത്തെ നമ്പറിലേക്ക് വിളിച്ചപ്പോൾ ഇവരുടെ ടെൻ്റിലെ മറ്റൊരു ഉമ്മയാണ് ഫോണെടുത്തത്. അവരാണ് പറഞ്ഞത് ഇവരെ അറഫയിൽ വച്ച് കാണാതായതാണെന്ന്.
അവസാനം ഉമ്മയെ ക്യാമ്പിലെത്തിക്കാൻ ട്രെയിൻ കാത്തുനിൽക്കുമ്പോഴായിരുന്നു അവരുടെ മകന്റെ കോൾ വന്നത്. അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ആ ഇടർച്ചയിൽ നഷ്ടപ്പെട്ടുപോയതിന്റെ സങ്കടവും തിരിച്ചുകിട്ടിയതിന്റെ സന്തോഷവും ഒരുപോലെ പ്രതിഫലിച്ചിരുന്നു.
ദീർഘനേരത്തെ സംഭാഷണത്തിനൊടുവിൽ അയാൾ എന്നോടൊരു അപേക്ഷ നടത്തി. ഉമ്മയെ ഒന്ന് ടെൻ്റിലേക്കെത്തിക്കണേ... ആ വാക്കുകളിൽ ഞാൻ അദേഹത്തിൻ്റെ നിസ്സഹായത വ്യക്തമായി കേട്ടു. ദൂരങ്ങൾ അകലെ നിന്ന് വിങ്ങുന്ന ആ മനസ്സിൻ്റെ തുടിപ്പുകൾ എന്നിലെ ക്ഷീണങ്ങളെ ധൂളിയാക്കി. ഞാൻ എന്നോട് തന്നെ പറഞ്ഞു, വിശ്രമിക്കാൻ സമയമിനിയുമൊരുപാടുണ്ട്. ആദ്യം ഈ ഉമ്മയെ ലക്ഷ്യസ്ഥാനത്തെത്തിക്കുക. കാർമേഘം തളം കെട്ടിയ ആ മകൻ്റെ മനസ്സിലേക്ക് ഞാനൊരു കുളിർമഴ പെയ്യിച്ച് കൊണ്ട് പറഞ്ഞു, ഇനി നിങ്ങൾ വിഷമിക്കേണ്ടതില്ല.. ഞാൻ ഉമ്മയെ ടെൻ്റിലെത്തിച്ചിട്ട് നിങ്ങളെ അറിയിക്കാം...
ഉമ്മയെ ടെൻ്റിൽ ഏൽപിച്ചു തിരിച്ചു പോരാൻ നേരം ആ ഉമ്മ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ക്ഷീണം അവരുടെ വാക്കുകൾക്ക് പൂർണ്ണത നൽകുന്നില്ല. എങ്കിലും ആ കണ്ണുകളിൽ നിന്നെനിക്ക് വായിച്ചെടുക്കാൻ പറ്റിയിരുന്നു അവരെന്താണ് പറയാൻ ശ്രമിക്കുന്നതെന്ന്. അവശതയിലും ആ കണ്ണിൽ കണ്ട തിളക്കം എൻ്റെ മുന്നോട്ടുള്ള പ്രയാണങ്ങളെ ഊർജ്ജസ്വലമാക്കി. അങ്ങനെ ഞാൻ എൻ്റെ യാത്ര വീണ്ടും തുടർന്നു....
ഇൻഷാ അള്ളാഹ്, അടുത്ത വർഷവും ഹാജിമാർക്ക് കൂടുതൽ സേവനം ചെയ്യാൻ നാഥൻ തൗഫീഖ് നൽകട്ടെ, ആമീൻ.
✍️ ത്വാഹ പൂളക്കൽ