13/02/2026
https://www.facebook.com/share/p/16KazfVEy5/
"TV Care എന്ന LED ടെലിവിഷനുകളുടെ സർവീസ് സെൻറർ എൻ്റെ വീട്ടിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലെയാണ് എങ്കിലും യൂട്യൂബിൽ വന്ന ചില വീഡിയോകൾ കണ്ടാണ് ഈ സെന്ററിനെ കുറിച്ച് കുറെ നാളുകൾക്ക് മുമ്പ് അറിഞ്ഞത്. ഡിസ്പ്ലേയിൽ വരുന്ന ലൈനുകളും മറ്റ് തകരാറുകളും വിദഗ്ധമായി പരിഹരിക്കുന്ന കേന്ദ്രമാണ് എന്നാണ് ആ വീഡിയോകളിൽ നിന്നും അറിഞ്ഞത്. കഴിഞ്ഞദിവസം എൻറെ വീട്ടിൽ കൂടുതൽ സമയം ഉപയോഗിക്കുന്ന ടെലിവിഷൻ്റെ സ്ക്രീൻ പെട്ടെന്ന് ഓഫ് ആയി പോവുകയും എന്നാൽ ശബ്ദം കേട്ടു കൊണ്ടിരിക്കുകയും ചെയ്തു. ഡിസ്പ്ലേ തകരാറിലായി എന്ന് ബോധ്യമായി. ഗ്യാരണ്ടി കാലാവധി കഴിഞ്ഞതിനാലും മുൻപൊരിക്കൽ നല്ലൊരു തുക മുടക്കി LED ബാക്ക് ലൈറ്റ് മാറ്റി റിപ്പയർ ചെയ്തിട്ടുണ്ട് എന്നതിനാലും വീണ്ടുമൊരു റിപ്പയർ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാതെ തന്നെ പുതിയ ഒരെണ്ണം വാങ്ങാൻ തീരുമാനിച്ചു. അപ്പോഴാണ് പ്രശ്നം. ഏത് കമ്പനിയുടെ ഏത് മോഡൽ ഏത് വലിപ്പത്തിൽ ഉള്ളത് വാങ്ങണം?? ആമസോണിൽ ഫ്രീഡം സെയിൽ നടക്കുന്നു, ഓണം ഓഫറുകൾ പലരും പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങനെയുള്ളപ്പോൾ എന്ത് എവിടെ നിന്ന് വേണമെന്ന് ആകെ കൺഫ്യൂഷൻ. എന്തായാലും നല്ലൊരു തുക വേണം. അങ്ങനെ ഇരുന്നപ്പോഴാണ് ഈ സെന്ററിന്റെ കാര്യം ഓർമ്മയിൽ എത്തിയത്. കാര്യമായ തകരാർ ആണെങ്കിൽ സെറ്റ് തന്നെ ഉപേക്ഷിക്കാം, റിപ്പയർ വേണ്ട എന്ന തീരുമാനത്തോടെയാണ് അവിടെ ചെന്നത്. കേരളത്തിൻറെ വിവിധ ജില്ലകളിൽ നിന്നുള്ള ധാരാളം പേർ അവിടെ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. അവർ ഓരോരുത്തരും കൊണ്ടുവന്ന സെറ്റുകൾ റിസപ്ഷൻ ഡ്യൂട്ടിയിൽ ഉള്ള ടെക്നീഷ്യൻ പ്രാഥമിക പരിശോധന നടത്തി എടുക്കുകയും തകരാറിനെ കുറിച്ച് ഏകദേശം രൂപം നൽകുകയും വിശദമായ പരിശോധനയ്ക്കായി അകത്തേക്ക് കൊടുത്തു വിടുകയും ചെയ്യുന്നുണ്ടായിരുന്നു. ഏതാനും മിനിറ്റുകൾക്ക് ശേഷം എന്താണ് തകരാർ എന്നും അത് പരിഹരിക്കാൻ പറ്റുന്നതാണോ എന്നും എത്ര രൂപ ചിലവ് വരും എന്നും കൃത്യമായി ഓരോരുത്തരെയും അറിയിക്കുന്നുമുണ്ടായിരുന്നു. ഒന്നര-രണ്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ എല്ലാവർക്കും സെറ്റുകൾ തകരാറുകൾ പരിഹരിച്ച് തിരികെ നൽകുന്നുണ്ടായിരുന്നു. എനിക്കും അപ്രകാരം തന്നെ ലഭിച്ചു. വളരെ മികച്ച ഇടപെടലുകളും കാര്യക്ഷമമായ സർവീസും മിതമായ നിരക്കും എടുത്തു പറയേണ്ടവയാണ്. നല്ലൊരു അനുഭവം ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കുന്നു."
- ഹരി വാലേത്ത്