26/06/2021
പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ #വിൻഡോസ്_11 ന്റെ പ്രത്യേകതകൾ എന്തെല്ലാം?നിങ്ങളുടെ കംപ്യൂട്ടറില്‍ വിന്‍ഡോസ് 11 ഓഎസ് എപ്പോള്‍ കിട്ടും? അതിന് വേണ്ടത് എന്തെല്ലാം?⭐
👉ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ മൈക്രോസോഫ്റ്റ് വിൻഡോസ് ഓഎസിന്റെ പുതിയ വിൻഡോസ് 11 പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. പ്രൊഡക്റ്റിവിറ്റി, ക്രിയേറ്റിവിറ്റി, ഗെയിമിങ് ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിച്ച് ഉപഭോക്താക്കളുടെ ഇതുവരെയുള്ള പരാതികൾ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടാണ് പുതിയ ഓഎസ് തയ്യാറാക്കിയിരിക്കുന്നത്.പഴയ പതിപ്പുകളേക്കാൾ വേഗമേറിയതും , ഊർജ ഉപഭോഗം കുറഞ്ഞതും ഒപ്പം കൂടുതൽ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നതുമായിരിക്കും മൈക്രോസോഫ്റ്റ് വിൻഡോസ് 11.ആപ്പിൾ മാക്ക് ഓഎസിന്റെ വാണിജ്യ മാതൃക അവലംബിച്ചുകൊണ്ട് ഡെവലപ്പർമാരോടും , ഉപഭോക്താക്കളോടും കൂടുതൽ തുറന്ന സമീപനമാണ് വിൻഡോസ് 11 നടത്തുന്നത്.കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഏറ്റുമധികം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് എത്തിയിരിക്കുന്ന ഒഎസ് എന്നും, ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള അപ്‌ഡേറ്റുകളിലൊന്ന് എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒഎസിന് പേരിട്ടിരിക്കുന്നത് വിന്‍ഡോസ് 11 എന്നാണ്. താമസിയാതെ നിങ്ങളുടെ പിസികളിലേക്കും , ലാപ്‌ടോപ്പുകളിലേക്കും , ടാബുകളിലേക്കും വിൻഡോസ് 11 എത്തും.മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 നുള്ള പിന്തുണ 2025 ഒക്ടോബര്‍ 14 ന് അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചുണ്ട്. മൈക്രോസോഫ്റ്റ് അതിന്റെ വെബ്‌സൈറ്റ് വഴി ഹോം, പ്രോ പതിപ്പുകള്‍ക്കായി വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള ഇഒഎല്‍ (എന്‍ഡ് ഓഫ് ലൈഫ്) ലിസ്റ്റ് ചെയ്തു കഴിഞ്ഞു. വിന്‍ഡോസ് 10 ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് നിര്‍ത്തുന്നത് കമ്പനി അതിന്റെ പുതിയ ഒഎസ് (ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍) പരിപോഷിപ്പിക്കാനാണ്. അതു കൊണ്ടു തന്നെ പുതിയതായി വിന്‍ഡോസിലേക്ക് തിരിയുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം.
എന്‍ഡ് ഓഫ് ലൈഫ് (ഇഒഎല്‍) എന്ന് വിളിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നത് ഒരു കമ്പനി നിര്‍ത്തുമ്പോള്‍ സാധാരണയായി ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍ജ്ജീവമാവുകയാണ് ചെയ്യുന്നത്. കൂടാതെ പുതിയ പതിപ്പിലേക്ക് പോകാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വിന്‍ഡോസ് 11 ആണ് അടുത്ത തലമുറയിലെ ഒഎസ് എന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട് .വിന്‍ഡോസ് 10 റിട്ടയര്‍മെന്റ് 2025 വരെ നീണ്ടുനില്‍ക്കാന്‍ കാരണം ആളുകള്‍ പലപ്പോഴും ഒരു വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അപ്‌ഗ്രേഡുചെയ്യാന്‍ കുറച്ച് സമയമെടുക്കും എന്നുള്ളത് കൊണ്ടാണ്.
📌പുതിയ മാറ്റങ്ങൾ ഇവയൊക്കെയാണ്
⚡നവീകരിച്ച വോയ്സ് ടൈപ്പിങ്, വോയ്സ് കമാൻഡ് സൗകര്യങ്ങൾ തുടങ്ങിയവ
⚡പുതിയ 'സ്റ്റാര്‍ട് മെന്യൂ' ആണ് പ്രധാന മാറ്റങ്ങളിലൊന്ന്. 'സ്റ്റാര്‍ട് ബട്ടണും' പുതുക്കിയിട്ടുണ്ട്. ഇതു രണ്ടും ടാസ്‌ക്ബാറിന്റെ നടുവിലേക്കു മാറ്റിയിട്ടുണ്ട്.അതായത്
സ്ക്രീനിന്റെ താഴെ ടാസ്ക് ബാറിന്റെ മധ്യഭാഗത്താണ് ഇനി മുതൽ സ്റ്റാർട്ട് ബട്ടൺ.
⚡'ലൈവ് ടൈല്‍സ്' ആണ് മറ്റൊരു സുപ്രധാന ഫീച്ചര്‍. നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ആപ്പിലേക്ക് അതിവേഗം തിരിച്ചെത്താന്‍ സഹായിക്കുന്നതാണിത്. ഇങ്ങനെ ഒന്ന് വിന്‍ഡോസ് 8ല്‍ അവതരിപ്പിച്ചെങ്കിലും വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ക്രോം ഒഎസിലും, ആന്‍ഡ്രോയിഡിലുമുള്ള ലോഞ്ചറിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണിതെന്നു വേണമെങ്കില്‍ പറയാമെങ്കിലും മാക് ഒഎസിന്റെ രൂപവും ഇവിടെ കാണാവുന്നതാണ്. വര്‍ത്തുളാകൃതിക്കു നല്‍കിയിരിക്കുന്ന പ്രാധാന്യവും കാണാതിരിക്കാനൊക്കില്ല.
⚡വിന്‍ഡോസ് 11ലെ ലൈറ്റ് മോഡും, ഡാര്‍ക് മോഡും കണ്ണുകള്‍ക്ക് നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ സാന്ത്വനം നല്‍കുന്നു.
⚡'സ്‌നാപ് ലേയൗട്‌സ്' ആണ് പുതിയ ഫീച്ചറുകളിലൊന്ന്. ആപ്പുകളെ ഒഎസ് സപ്പോര്‍ട്ടു ചെയ്യുന്ന പല മോഡുകളിലേക്ക് മാറ്റാം. ഇതിനൊപ്പം ഒരു സ്‌നാപ് ഗ്രൂപ്പ് ലേയൗട്ടും ഉണ്ട്. എവിടെയാണ് ആപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത് എന്നറിയാനാണ് ഇത്. ഒന്നിലേറെ ഡിസ്‌പ്ലേകള്‍ ഉപയോഗിക്കുമ്പോഴായിരിക്കും ഇത് കൂടുതല്‍ പ്രയോജനപ്രദം.
⚡പ്രകടനത്തില്‍ മികവു പുലര്‍ത്തുമെന്നും അവകാശവാദമുണ്ട്. വിന്‍ഡോസ് 11ലേക്ക് അയയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ 40 ശതമാനം വരെ സൈസ് കുറഞ്ഞതും, അതേസമയം കാര്യപ്രാപ്തിയുള്ളതുമായിരിക്കും. അപ്‌ഡേറ്റുകള്‍ ബാക്ഗ്രൗണ്ടില്‍ നടന്നോളും.
⚡വിഡിയോ കോളിങ് ആപ്പായ മൈക്രോസോഫ്റ്റ് ടീംസിനെ വിന്‍ഡോസിന്റെ അവിഭാജ്യ ഘടകമാക്കാനുള്ള ശ്രമവും പ്രകടമാണ്. ബിസിനസ് ആവശ്യക്കാര്‍ക്കും സാധാരണ ഉപയോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ രീതിയിലാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്. ടാസ്‌ക്ബാറില്‍ തന്നെ ടീംസും ഉണ്ടായിരിക്കും.
⚡'വിന്‍ഡോസ് വിജിറ്റ്‌സും' ,ടച് ജെസ്ചറുകളുമാണ് അധികമായി എത്തുന്ന മറ്റു രണ്ടു ഫീച്ചറുകള്‍. ഇവ നിങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി പ്രയോജനപ്പെടുത്തി, നിങ്ങളുടെ താത്പര്യങ്ങള്‍ അറിഞ്ഞ് ഫീഡുകളും മറ്റും നല്‍കും. വാര്‍ത്തകളും, കാലാവസ്ഥയും മാപ്പുമൊക്കെ ഇതില്‍ ലഭിക്കും. പ്രദേശിക കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം സമ്പാദിക്കാനുളള മാര്‍ഗവും ഇതില്‍ ഒരുക്കുമെന്ന് കേള്‍ക്കുന്നു.
⚡ആംഗ്യവിക്ഷേപങ്ങള്‍ക്കും, ടച്ചിനും കൂടുതല്‍ പ്രാധാന്യം ലഭിക്കും. ടച്ച് ഉപയോഗിച്ചും പെന്‍ ഉപയോഗിച്ചും കൂടുതല്‍ പ്രയോജനകരമായ ഒരു ഉപകരണമായി വിന്‍ഡോസിനെ പുതുക്കിയെടുക്കുന്നുമുണ്ട്. ചില തരം പേനകള്‍ ഉപയോഗിച്ചാല്‍ ടച്ചിങ് അനുഭവേദ്യമാകും.
⚡വോയിസ് ടൈപ്പിങ് ആണ് മറ്റൊരു സവിശേഷത. ടൈപ്പിങ് വൈമുഖ്യമുള്ളവര്‍ക്ക് ശബ്ദത്തിലൂടെ പലതും ലാപ്‌ടോപ്പില്‍ കുറിച്ചുവയ്ക്കാന്‍ സഹായിക്കുന്ന ഒന്നായിരിക്കുമിത്. കീപാഡില്‍ ജിഫുകളും മറ്റും കസ്റ്റമൈസു ചെയ്യാം. സ്മാര്‍ട് ഫോണ്‍ കീപാഡിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണിത്.
⚡ഗെയിമര്‍മാര്‍ക്കുള്ള കരുതലാണ് മറ്റൊരു പ്രധാന സവിശേഷത. ഓട്ടോ എച്ഡിആര്‍ വിന്‍ഡോസ് 11 പാക്കേജിന്റെ സവിശേഷതകളിലൊന്ന് ആയിരിക്കും. ഇതോടെ ഗെയിമുകളും മറ്റും കൂടുതല്‍ മികവുറ്റ ദൃശ്യപ്രതീതി ജനപ്പിക്കും. എന്നാല്‍, മറ്റു പല ഫീച്ചറുകളുടെ കാര്യത്തിലുമെന്ന പോലെ, സപ്പോര്‍ട്ടു ചെയ്യുന്ന ഹാര്‍ഡ്‌വെയര്‍ വേണം. ഓട്ടോ എച്ഡിആര്‍ സപ്പോര്‍ട്ടു ചെയ്യുന്ന മോണിട്ടര്‍ ഉണ്ടെങ്കില്‍ മാത്രമെ ഇതു പ്രയോജനപ്പെടുത്താനാകൂ.
⚡എക്‌സ്‌ബോക്‌സ് ഗെയിം പാസും വിന്‍ഡോസിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇത് എക്‌സ്‌ബോക്‌സ് ആപ് വഴിയായിരിക്കും. എക്‌സ്‌ക്ലൗഡുമായുള്ള സമന്വയിപ്പിക്കലും നടക്കുന്നു. മൈക്രോസോഫ്റ്റ് ക്ലൗഡില്‍ നിന്നുള്ള ഗെയിമുകള്‍ സ്ട്രീം ചെയ്യൽ കൂടുതല്‍ സുഗമമാകുമെന്നു കരുതുന്നു.
⚡സ്മാര്‍ട് ഫോണ്‍ ആപ്പുകള്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കാം. മൈക്രോസോഫ്റ്റ് സ്റ്റോറിനുമുണ്ട് മാറ്റങ്ങള്‍. ഇപ്പോള്‍ വിന്‍ഡോസ് സ്‌റ്റോറില്‍ ലഭ്യമല്ലാത്ത പല ജനപ്രിയ ആപ്പുകള്‍ക്കും സ്റ്റോറിലേക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഇന്‍സ്റ്റഗ്രാം, ടിക്‌ടോക്ക് തുടങ്ങി പല ആപ്പുകളും ഇനി മൈക്രോസോഫ്റ്റ് സ്റ്റോറിലും എത്തുമെന്നു കരുതുന്നു. (ഇപ്പോൾ ടെക്‌നോളജി മേഖലയിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ആപ്പിളും , ഗൂഗിളും തങ്ങളുടെ ആപ് സ്റ്റോറുകളില്‍ നിന്ന് അന്യായമായി തട്ടിയെടുക്കുന്ന പണത്തെക്കുറിച്ചാണ്. ഇരു കമ്പനികളും ആപ് ഡവലപ്പര്‍മാരുടെ വരുമാനത്തില്‍ നിന്ന് 30 ശതമനം വരെ എടുക്കുന്നു. ഇതിനെതിരെ നിയമയുദ്ധം പോലും നടക്കുന്നുണ്ട്.) എന്നാൽ, വിന്‍ഡോസ് 11 ല്‍ ഒരു വന്‍ മാറ്റമാണ് മൈക്രോസോഫ്റ്റ് കൊണ്ടുവന്നിരിക്കുന്നത്. ആപ് ഡവലപ്പര്‍മാരുടെ കൈയ്യില്‍ നിന്ന് ഒരു പൈസയും കൈപ്പറ്റില്ലെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. ഇത് ആപ് ഡവലപ്പര്‍മാര്‍ക്ക് ആവേശം പകര്‍ന്നേക്കാം. മുന്‍ മേധാവിമാരായിരുന്ന ബില്‍ ഗേറ്റ്സിന്റെയും , സ്റ്റീവ് ബാമറുടെയും മൈക്രോസോഫ്റ്റ് അല്ല സത്യ നദെലയുടെ മൈക്രോസോഫ്റ്റ് എന്ന വിചാരംതന്നെ ഈ വഴിക്കു ചിന്തിക്കാന്‍ പ്രേരകമാകുമെന്നു കരുതുന്നു.
ഫീച്ചറുകളെല്ലാം പ്രയോജനപ്പെടുത്തണമെങ്കില്‍ അനുയോജ്യമായ ഹാര്‍ഡ്‌വെയറും വേണം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്മാര്‍ട്ടായ പിസികളും , ലാപ്‌ടോപ്പുകളും വാങ്ങാമെന്ന് അറിഞ്ഞുവയ്ക്കുക. നിലവിലുള്ള പല വിന്‍ഡോസ് ഉപയോക്താക്കളെയും മൈക്രോസോഫ്റ്റ് നിരാശരാക്കുന്നുമില്ല.
എന്തായാലും ഈ അവസരത്തിൽ ഉപഭോക്താക്കൾ അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് പുതിയ ഓഎസ് തങ്ങൾക്ക് ലഭിക്കുമോ എന്നത്.
📌വിൻഡോസ് 11 ഓഎസ് ഇൻസ്റ്റാൾ ചെയ്യാൻ കംപ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ട ഹാർഡ് വെയർ ഘടകങ്ങൾ ഇവയൊക്കെയാണ്.
⚡1 ജിഗാഹെർട്സ് (GHz) അല്ലെങ്കിൽ വേഗമുള്ള കുറഞ്ഞത് 2 കോർ വരുന്ന കോംബാറ്റിബിൾ 64 ബിറ്റ് പ്രൊസസർ ചിപ്പ്
⚡4 ജിബി റാം
⚡64 ജിബിയോ അതിലധികമോ സ്റ്റോറേജ്
⚡സിസ്റ്റം ഫേംവെയർ : യുഇഎഫ്ഐ, സെക്വർ ബൂട്ട് ശേഷിയുള്ളത്
⚡ട്രസ്റ്റഡ് പ്ലാറ്റ്ഫോം മോഡ്യൂൾ (ടിപിഎം) വേർഷൻ 2.0
⚡ഡയറക്ട്എക്സ് 12 അല്ലെങ്കിൽ അതിന് ശേഷമുള്ള WDDM 2.0 ഡ്രൈവർ ഉള്ളവ
⚡720 പിക്സൽ എച്ച്ഡി ഡിസ്പ്ലേ
⚡വിൻഡോസ് 11 ഹോം എഡിഷൻ ഉപയോഗിക്കാൻ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ടും ആവശ്യമാണ്. പുതിയ ഓഎസിലെ ഫീച്ചറുകളെല്ലാം പ്രയോജനപ്പെടുത്താനും കണക്റ്റിവിറ്റി ആവശ്യമായി വരുന്നു.
വിൻഡോസ് 11 ഉപയോഗിക്കാൻ വേണ്ട ഏറ്റവും അടിസ്ഥാന സംവിധാനങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്. ഇത് കൂടാതെ 5ജി സപ്പോർട്ട് ഉൾപ്പടെയുള്ള ചില സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെങ്കിൽ അതിനനുസൃതമായുള്ള സാങ്കേതിക സംവിധാനങ്ങൾ കംപ്യൂട്ടറിൽ ഉണ്ടായിരിക്കണം.നിലവിൽ വിൻഡോസ് 10 ഉപയോഗിക്കുന്ന മുകളിൽ പറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള കംപ്യൂട്ടറുകളിൽ വിൻഡോസ് 11 ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും. അപ്ഡേറ്റ് റോൾ ഔട്ട് എന്ന് മുതൽ തുടങ്ങുമെന്ന് കമ്പനി തീരുമാനിച്ചിട്ടില്ല. 2022 തുടക്കത്തോടെ അത് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.വിൻഡോസ് 11 ലേക്ക് മാറാൻ യോഗ്യമായ എല്ലാ വിൻഡോസ് 10 പിസികളിലും ഒരേ സമയം തന്നെ ആയിരിക്കില്ല അപ്ഗ്രേഡ് ലഭിക്കുക.അതേസമയം ഈ വർഷം അവസാനത്തോടെ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്തുള്ള കംപ്യൂട്ടറുകൾ വിപണിയിലെത്തിത്തുടങ്ങും.
ഏറെ കാലമായുള്ള ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് വലിപ്പം കുറച്ചും, പ്രവർത്തന വേഗത കൂട്ടിയും, ഊർജ ഉപഭോഗം പരിമിതപ്പെടുത്തിയുമാണ് പുതിയ ഓഎസ് തയ്യാറാക്കിയിരിക്കുന്നത് .കാഴ്ചയിൽ അടിമുടി മാറ്റങ്ങളും , കാലാനുസൃതമായ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് വിൻഡോസ് 11 അവതിരിപ്പിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ ആപ്പിൾ മാക് ഓഎസിനോടും, ഗൂഗിൾ ആൻഡ്രോയിഡിനോടും കിടപിടിക്കും വിധമാണ് വിൻഡോസ് 11 തയ്യാറാക്കിയിരിക്കുന്നത്.
ടാസ്ക്ബാർ, വിഡ്ജറ്റുകൾ, വിൻഡോസ് മെനു, സ്റ്റാർട്ട് അപ്പ് ടോൺ തുടങ്ങിയവയിൽ മാറ്റം വന്നിരിക്കുന്നു.പരമ്പരാഗത കംപ്യൂട്ടറുകൾക്കൊപ്പം തന്നെ പുതിയ ടച്ച് സ്ക്രീൻ കംപ്യൂട്ടറുകളെയും ലക്ഷ്യമിട്ടാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ഗെയിമുകൾക്കും ഡിസൈനിങ് വീഡിയോ എഡിറ്റിങ് പോലുള്ള ആവശ്യങ്ങൾക്കുമായി മികച്ച ഗ്രാഫിക്സ് പിന്തുണയും സോഫ്റ്റ് വെയർ പിന്തുണയും വിൻഡോസ് 11 ഓഎസ് ഉറപ്പുനൽകുന്നു.ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ്സ്റ്റോർ എന്നിവയ്ക്ക് സമാനമായി മൈക്രോസോഫ്റ്റ് സ്റ്റോർ രൂപകൽപന ചെയ്തിരിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി വിൻഡോസ് ആപ്പുകൾ നിർമിക്കാൻ ഡെവലപ്പർമാർക്ക് സാധിക്കും.ആപ്പുകളുടെ കാര്യത്തിൽ കൂടുതൽ തുറന്ന സമീപനമാണ് മൈക്രോസോഫ്റ്റ് വിൻഡോസ് 11 ൽ നടത്തുന്നത്. ടിക് ടോക്ക് പോലുള്ള മൊബൈൽ ആപ്പുകളും വിൻഡോസ് 11 ൽ ഉപയോഗിക്കാനാവും. കൂടുതൽ ഡെവലപ്പർമാരെയും, ഉപഭോക്താക്കളെയും കമ്പനി വിൻഡോസിലേക്ക് സ്വാഗതം ചെയ്യുന്നു.
മാത്രവുമല്ല ഇതുവരെ പുറത്തിറങ്ങിയവയിൽ ഏറ്റവും സുരക്ഷിതമായ വിൻഡോസ് ഓഎസ് ആയിരിക്കും ഇതെന്നും കമ്പനി ഉറപ്പു നൽകുന്നു.
📌 കൂടുതൽ അറിവിലേക്കായി താഴെ ഉള്ള മൈക്രോസോഫ്റ്റിന്റെ വിഡിയോ ലിങ്ക് സഹായിക്കും.
https://youtu.be/Uh9643c2P6k