21/07/2026
കടലാസിനെ അറിയാൻ
അച്ചടിക്കാരുടെ യാത്ര.
🔸🔸🔸
നമ്മൾ നിത്യ ജീവിതത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് പേപ്പർ. വിവിധങ്ങളായ പേപ്പറുകൾ ലോകത്ത് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വരുന്നു. ജീവിതത്തിൽ പേപ്പർ ഉൽപന്നങ്ങൾ ഉപയോഗിക്കാത്ത മനുഷ്യൻ തികച്ചും അപരിഷ്കൃതരായിരിക്കും .
അധുനിക മനുഷ്യ സമൂഹത്തിന്റെ വളർച്ചയിൽ പേപ്പറിന്റെ
കണ്ട് പിടുത്തം വളരെ വിലപ്പെട്ടതാണ്. എന്നാൽ പേപ്പർ രൂപപ്പെടുന്നത് എങ്ങിനെയെന്ന് നമ്മളിൽ എത്ര പേർക്ക് അറിയാം. അതിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ എന്തൊക്കെയാണ്. ? ഇത്തരം കാര്യങ്ങൾ അറിയാനുള്ള അതിയായ ആഗ്രഹവുമായാണ് കേരളത്തിൽ അച്ചടി രംഗത്ത് പ്രവർത്തിക്കുന്നവരുടെ കരുത്തുറ്റ സംഘടനയായ കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
2026 ജൂൺ 13 ന് ശനിയാഴ്ച പിറവത്തുള്ള കേരളാ പേപ്പർ പ്രൊഡക്ഷൻ ലിമിറ്റഡ്
( KPPL) എന്ന കമ്പനി സന്ദർശിക്കാൻ തീരുമാനിച്ചത്.
അതിനായി മുൻകൂട്ടി ഞങ്ങൾ KPPLന്റെ HR വിഭാഗത്തിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയിരുന്നു. 27 പേരടങ്ങുന്ന ഒരു സംഘമാണ് പുലർച്ചെ 4.30 ന് മലപ്പുറത്ത് നിന്ന് പുറപ്പെട്ടത്. പ്രഭാത ഭക്ഷണത്തിനായി ഇഡലിയും, ദോശയും കൂടാതെ ഉച്ചക്ക് ബിരിയാണിയും ഞങ്ങൾ ബസ്സിൽ കരുതിയിരുന്നു.
കോട്ടയം ജില്ലയിൽ എറണാകുളം ജില്ലയോട് ചേർന്ന് നിൽക്കുന്ന
വെള്ളൂർ എന്ന പ്രദേശത്ത് 700 ഏക്ര സ്ഥലത്താണ് ഈ ഫാക്ടറി നിലകൊള്ളുന്നത്.
പിറവം ടൗണിൽ നിന്ന് 12 കിലോമീറ്റർ ദൂരമാണ് അവിടേക്കുള്ളത് .
1983 ൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ്
(HNL) എന്ന പേരിൽ കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായിട്ടാണ്
ഇതിന്റെ തുടക്കം .
ഇന്ത്യയിലെ പ്രധാന ന്യൂസ്‌പ്രിന്റ് (പത്രക്കടലാസ്) നിർമ്മാതാക്കളിൽ ഒന്നായിരുന്നു ഈ സ്ഥാപനം .
സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് 2019-ൽ പ്രവർത്തനം നിർത്തി.
തുടർന്ന് കേരള സർക്കാർ സ്ഥാപനത്തിന്റെ ആസ്തികൾ ഏറ്റെടുത്ത് പുനരുജ്ജീവിപ്പിച്ചു.
2021-ൽ സ്ഥാപനത്തിന്റെ പേര് Paper Products Limited (KPPL) എന്നാക്കി മാറ്റി.
2022-ൽ വ്യാപാരാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം വീണ്ടും ആരംഭിച്ചു.
ആദ്യഘട്ടത്തിൽ 42 GSM, 45 GSM ന്യൂസ്‌പ്രിന്റ് പേപ്പറുകളും പിന്നീട് വിവിധ പേപ്പറുകളും നിർമ്മിക്കാൻ തുടങ്ങി.
പതിനൊന്ന് മണിക്ക് അവിടെ റിപ്പോർട്ട് ചെയ്യാൻ ഞങ്ങളോട് ആ വശ്യപ്പെട്ടിരുന്നുവെങ്കിലും ഇങ്ങോട്ടുള്ള റോഡിന്റെ സ്വാഭാവിക തിരക്കുകൾ കാരണം ഉച്ചക്ക് 12.30 നാണ് എത്തിച്ചേരാൻ കഴിഞ്ഞത്.
ഫാക്ടറിയിൽ 1 മണി മുതൽ 2 മണി വരെ ലഞ്ച് ബ്രൈക്കായതിനാൽ ഭക്ഷണത്തിന് ശേഷം
2 മണിക്ക് പ്രവേശിക്കാൻ
മറ്റൊരു അനുമതി ഞങ്ങൾ തേടുകയായിരുന്നു.
കൃത്യ 2 മണിക്ക് ഫാക്ടറിക്ക് അകത്ത് പ്രവേശിച്ചു.
ഫാകടറിയിൽ പ്രവേശിക്കുമ്പോൾ മുണ്ട് ഒഴിവാക്കി പാന്റ് ഇടാൻ അധികൃതർ നിർദേശിച്ചിരുന്നു.
സാധാരണ തുണി ധരിക്കുന്ന ഞങ്ങളിൽ പലരും അന്ന് പാന്റിലേക്ക് വഴിമാറിയത്
ഞങ്ങൾക്ക് ഏറെ കൗതുകകരമായി തോന്നി.
പ്രവേശന കവാടത്തിലുള്ള സെക്യൂരിറ്റിക്കാരന്റെ കൈവശം ഞങ്ങൾ നേരത്തെ മെയിൽ അയച്ച പേരും , മൊബൈൽ നമ്പറും, ആധാർ നമ്പറും നൽകിയ ലിസ്റ്റ് ഉണ്ടായിരുന്നു.
അത് പ്രകാരം ഞങ്ങളെ ഒരോരുത്തരെയും അകത്തേക്ക് വിളിച്ചു.
ഞങ്ങളുടെ കൈവശമുള്ള മൊബൈലും, കാമറയും,
അവിടെ ഓഫീസിൽ വാങ്ങി വെച്ചത് ഞങ്ങളിൽ പലർക്കും നിരാശയുണ്ടാക്കി.
കാരണം, ഞങ്ങളിൽ പലരും ഫാക്ടറിയിലെ പ്രവർത്തനം കാമറയിലാക്കണം എന്ന ആഗ്രഹത്തോടെയായിരുന്നു വന്നിരുന്നത്.
സെക്യൂരിറ്റി ജീവനക്കാരിൽ ഒരാൾ ഞങ്ങളെ ആദ്യം കൊണ്ട് പോയത്
മരം ചിപ്സ് രൂപത്തിലേക്ക് മാറ്റുന്ന ഫാക്ടറിയുടെ ഭാഗത്തേക്കായിരുന്നു.
യൂക്കാലിപ്സ് , മുള, തുടങ്ങിയ മരങ്ങൾ സർക്കാറിന്റെ ഡിപ്പോകളിൽ നിന്ന് വാങ്ങിച്ച് വെള്ളവും , വലിയ കട്ടിംഗ് മെഷീനുകളും ഉപയോഗിച്ച് ചിപ്സ് രൂപത്തിലാക്കുന്ന യന്ത്രക്കാഴ്ചകളും, അതിന്റെ മാരകമായ ശബ്ദവും ഞങ്ങളെ ഒരേ സമയം പേടിപ്പെടുത്തുകയും, അത്ഭുതപ്പെടുത്തുകയും ചെയ്തു.
സിന്ധു എന്ന ജീവനക്കാരി അതിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അവിടുത്തെ വലിയ ശബ്ദത്തെ മറികടന്ന് വിശദീകരിക്കുകയുണ്ടായി.
പിന്നിട് അവിടെ നിന്നും ഈ മര ചിപ്സുകൾ പൾപ്പായി രൂപപ്പെടുത്തുന്ന സ്ഥലത്തേക്കാണ് കൊണ്ട് പോയത്. മരത്തെ അത്തരത്തിൽ പൾപ്പാക്കാൻ നിരവധി രാസപദാർത്ഥങ്ങൾ അവിടെ ഉപയോഗിക്കുന്നു. (കാസ്റ്റിക് സോഡ (NaOH), സോഡിയം സൾഫൈഡ് (Na₂S) എന്നീ രാസപദാർത്ഥങ്ങളും തുടർന്ന് ബ്ലീച്ചിംഗിനായി ക്ലോറിൻ ഡയോക്സൈഡ്, ഹൈഡ്രജൻ പെറോക്സൈഡ്, ഓക്സിജൻ ) തുടങ്ങിയവ .
പഴയ സിനിമ സെറ്റിനെ ഓർമ്മിപ്പിക്കും വിധം ഭയപ്പെടുത്തുന്നതും, നിറയെ തുരുമ്പെടുത്ത കമ്പികളും,
കൈവഴികളും നിറഞ്ഞ് നിൽക്കുന്ന സ്ഥലം .
മിഷനറികളുടെ ഭീകരമായ ശബ്ദം .
കാലപ്പഴക്കത്തിന്റെ, ദീർഘ കാലം ഉപയോഗിക്കാതെ കിടന്നതിന്റെ എല്ലാ അടയാളങ്ങളും അവിടെ കാണാമായിരുന്നു.
പൾപ്പാക്കുന്ന വിവിധ ഘട്ടങ്ങൾ വിശദീകരിച്ച് തന്നതിന് ശേഷം ഞങ്ങളെ കൊണ്ട് പോയത് പൾപ്പിൽ നിന്ന് പേപ്പർ ഉൽപാദന മിഷനറികൾ നിറഞ്ഞ ഹാളിലേക്കാണ്. എല്ലാ യൂണിറ്റിലും ഓരോ കൺട്രോൾ കാബിനുകളുണ്ട്.
പ്രവർത്തനങ്ങൾ പ്രധാനമായും നിയന്ത്രിക്കുന്നത് അവിടെ നിന്നാണ്. പ്രധാന പേപ്പർ നിർമ്മാണ യൂണിറ്റിലെത്തിയപ്പോൾ അവിടെ നിയന്ത്രിക്കുന്ന സ്ഥലത്ത് ഒരു അപായ ലൈറ്റ് കത്തുകയും, സൈറൻ മുഴങ്ങുകയും ചെയ്തു. ആദ്യ ഘട്ടത്തിലെ
ഉൽപാദന മിഷീനിൽ നിന്നും പേപ്പർ കട്ട് ആയി പോയതിന്റെ സിഗ്നലാണ് അവിടെ വന്നതന്ന് പിന്നീട് മനസ്സിലായി.
നിരവധി സിലിണ്ടറുകളിലൂടെ പൾപ്പിൽ നിന്നും ജലാംശം കുറച്ച് കൊണ്ട് വന്ന് സ്റ്റീം ചെയ്ത് വിവിധ ഘട്ടങ്ങളിലൂടെ നേർത്ത പേപ്പറുകൾ കടന്ന് പോകുന്ന മനോഹര കാഴ്ച ഏവരും കാണേണ്ടത് തന്നെയാണ്.
മരത്തിന്റെ സെല്ലുലോസ് നാരുകൾ ഒരു ജംമ്പോ ഷീറ്റായി രൂപപ്പെടുന്ന കൗതുകകരമായ കാഴ്ച ഇവിടെ സന്ദർ ശിച്ചവരുടെ മനസ്സിൽ നിന്നും ഒരിക്കലും മായാൻ സാധ്യതയില്ല.
8.6 മീറ്റർ നീളത്തിലുള്ള ഈ ജംമ്പോ റോളുകളിൽ നിന്ന് ആവശ്യക്കാരുടെ ഹിതമനുസരിച്ച് മുറിച്ച് കൊടുത്ത് കവർ ചെയ്ത് കയറ്റി അയക്കുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും KPPL ഉൽപാദിപ്പിക്കുന്ന പിവിധ പേപ്പറുകൾ
ഇന്ന് വിറ്റഴിക്കുന്നുണ്ട്.
ഫാക്ടറി സന്ദർശന സമയത്ത് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഫാക്ടറിയുടെ അകത്ത് വെച്ച് അദ്ധേഹത്തിന്റെ കാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുത്ത് തന്നത് ഞങ്ങൾക്ക് വലിയ അനുഗ്രഹമായി.
വൈകുന്നേരം 4 മണിക്ക് ഞങ്ങൾക്ക് സന്ദർശിക്കാൻ അനുമതി തന്ന HR വിഭാഗത്തിലെ ഉദ്യോഗസ്ഥരായ മനോജ് സിൻഹ , സിനി മാഡം എന്നിവരോട് നന്ദി പറഞ്ഞ് വിസ്മയകമായ കാഴ്ചകൾ സമ്മാനിച്ച ആ നിർമ്മാണ ശാലയിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങി.
ഫാക്ടറിക്ക് പുറത്തുള്ള ഒരു ഹോട്ടലിൽ നിന്നും ചായ കുടിച്ച് ബസ്സിൽ കയറി.
ഓരോ യാത്രയും വിനോദത്തോടൊപ്പം വലിയ അറിവുകളാണ് നമുക്ക് സമ്മാനിക്കാറുള്ളത്. പ്രത്യേകിച്ച് ഒരേ മേഖലയിൽ ജോലിയെടുക്കുന്നവർ ഒരുമിച്ച് യാത്ര ചെയ്താൽ തീർച്ചയായും നല്ല അനുഭവമാകും ഏവർക്കും സമ്മാനിക്കുക. യാത്രയിലുടനീളം എല്ലാം മറന്ന്കൊണ്ടുള്ള പാട്ടും, ഡാൻസിനുമപ്പുറം വൈക്ജ്ഞാനികമായ സംവാദങ്ങളും നടന്നു. Ai സമൂഹത്തിന് ഗുണകരമാണോ, ദോഷമാണോ വരുത്തുക എന്ന വിഷയത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് ചൂട് പിടിച്ച ഡിബേറ്റും ബസ്സിൽ അരങ്ങേറി.
ഇടവേളകളിൽ ഫൈസൽ ഇമ്പീരിയലിന്റെ സമ്മാന നറുക്കെടുപ്പ് യാത്രയെ മുഷിപ്പില്ലാതെ കൊണ്ട് പോയി. നാഫിയുടെയും, സന്തോഷിന്റെയും സജ്ജീവമായ സാന്നിധ്യം യാത്രയെ ഏറെ രസകരമാക്കി. അംഗങ്ങളുടെ പൂർണ്ണമായുള്ള യാത്രയിലെ എല്ലാം മറന്നുള്ള ഇടപെടലുകൾ മലപ്പുറത്ത് തിരിച്ചെത്തിയത് അറിഞ്ഞതേയില്ല.
ഓരോ യാത്രയും അവസാനിക്കുമ്പോൾ അത് സമ്മാനിച്ച അനുഭവങ്ങളും ഓർമ്മകളും നമ്മോടൊപ്പം എന്നും നിലനിൽക്കും. വീണ്ടും ഒരുമിച്ച് യാത്ര പോകാമെന്ന പ്രതീക്ഷയോടെ, ഈ മനോഹര യാത്ര സംഘടിപ്പിച്ച കേരള പ്രിന്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയോടും, അതിന് അനുമതി വാങ്ങിത്തന്ന സംസ്ഥാന കമ്മിറ്റിയോടും എല്ലാവരും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
🔸
അനീസ് ചുണ്ടയിൽ
(KPA സംസ്ഥാന സെക്രട്ടറി)