എന്റെ വെള്ളയാംകുടി

എന്റെ വെള്ളയാംകുടി ...This is Vellayamkudy cyber town...
Requesting all to contribute with news feeds, photos,events, history notes etc.....

വെള്ളയാംകുടിക്കാരൻ മുഹമ്മദിന്റെ കഥ.
14/08/2018

വെള്ളയാംകുടിക്കാരൻ മുഹമ്മദിന്റെ കഥ.

ആയുസ്സിന്റെ ബലം കൊണ്ട് ഇടുക്കി ഡാമിലെ ടണലിൽ പണിയെടുക്കുമ്പോൾ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാളുടെ ജ...

ആയുസ്സിന്റെ ബലം കൊണ്ട് ഇടുക്കി ഡാമിലെ ടണലിൽ പണിയെടുക്കുമ്പോൾ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാളെ കുറിച്ചാണ് ഈ എഴ...
01/08/2018

ആയുസ്സിന്റെ ബലം കൊണ്ട് ഇടുക്കി ഡാമിലെ ടണലിൽ പണിയെടുക്കുമ്പോൾ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാളെ കുറിച്ചാണ് ഈ എഴുത്ത്...

മറ്റാരുമല്ല എന്റെ പിതാവ് തന്നെയാണ് കക്ഷി. പേര് എ എസ് മുഹമ്മദ്. തൊടുപുഴക്കടുത്ത് ചെലവ് ആണ് സ്വദേശം. ഒമ്പത് മക്കളിൽ അഞ്ചാമത്തെയാൾ. അതിലൊരു പെണ്കുട്ടി വളരെ ചെറുപ്പത്തിൽ പെരിയാറിൽ വീണു മരിച്ചു. ബാക്കി എട്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്.

ഇവരുടെയൊക്കെ ചെറുപ്രായത്തിൽ ഹൈറേഞ്ചിലേക്ക് കുടിയേറി പാർത്തു. മുരിക്കാശ്ശേരിക്കടുത്തുള്ള മങ്കുവ എന്ന സ്ഥലത്താണ് ആദ്യം അവരെത്തിപ്പെട്ടത്. ഈ ജംഗ്ഷനിൽ ചെറിയൊരു ഹോട്ടലും കൃഷിപ്പണിയുമൊക്കെയായി കുറെ നാൾ ജീവിച്ചു.

വല്യപ്പനെ കുറിച്ച് അറിഞ്ഞടുത്തോളം ആളൊരു മല്ലനും ഗുസ്തിക്കാരനും മർമ്മവിദ്യയും മറ്റുമായി നടന്ന ഒരാളായിരുന്നു. ഏക്കർ കണക്കിന് ഭൂമിയിൽ വീട്ടിലേക്കാവശ്യമായ മുഴുവൻ സാധനങ്ങളും ഉല്പാദിപ്പിച്ചിരുന്നു.

അപ്പന്റെ വിദ്യാഭ്യാസം മുക്കുടം സ്കൂളിലായിരുന്നു പത്ത് കിലോമീറ്ററിലധികം കാട്ടിലൂടെ നടന്നു വേണം സ്കൂളിലെത്താൻ. അങ്ങിനെ നാലാം ക്‌ളാസ് വരെ പോയി. പരീക്ഷയിൽ ജയിച്ച് അഞ്ചിൽ കയറിയപ്പോൾ അവിടുത്തെ സ്ഥലം വിറ്റു. അതോടെ പഠനവും അവസാനിച്ചു.

പണ്ടത്തെ നാലാം ക്‌ളാസ് എന്നൊക്കെ പറഞ്ഞാൽ വല്യ സംഭവമാണെന്ന് നമ്മളൊക്കെ കേൾക്കുന്നതാണല്ലോ. അപ്പനോടൊ അവരുടെ തലമുറയോടോ സംസാരിച്ചാൽ അതിന്റെ സത്യാവസ്ഥ മനസ്സിലാകും. അത്രക്ക് വിവരമാണ് ഓരോ വിഷയത്തെക്കുറിച്ചും. ഉള്ളത് പറഞ്ഞാൽ എന്റെ ഗവേഷണ വിഷയത്തെ കുറിച്ച് എന്നെക്കാൾ ധാരണ അദേഹത്തിന് കാണും. വീട്ടിൽ കൊണ്ടു പോകുന്ന പുസ്തകങ്ങൾ ഒന്നിടവിടാതെ വായിക്കും. വായനയും അതോടൊപ്പം ജീവിതാനുഭവങ്ങലുമാണ് അവരുടെയൊക്കെ അറിവിന്റെ ശക്തി എന്നെനിക്ക് തോന്നിയിട്ടുണ്ട്.

വിഷയത്തിലേക്ക് വരാം...

അപ്പോഴേക്കും ഇടുക്കി ഡാമിന്റെ പണി തുടങ്ങിക്കഴിഞ്ഞിരുന്നു. ഇവർ പുതുതായി സ്ഥലം മേടിച്ചത് ഇടുക്കി ജലാശയത്തിന്റെ മറ്റൊരു അണക്കെട്ട് സ്ഥിതി ചെയ്യുന്ന കുളമാവ് പ്രദേശത്താണ്. അന്നവിടെയും ഡാമിന്റെ പണി തുടങ്ങിയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം നിലച്ചതോടെ ബാക്കിയുള്ളവരുടെ കൂടെ അപ്പനും മൂന്ന് അനിയന്മാരും പണിക്കിറങ്ങി.

ഇടുക്കി വനത്തിൽ നിന്ന് തേൻ ശേഖരിക്കുക, വാഴയില വെട്ടുക, മുള വെട്ടുക, കരിയുണ്ടാക്കി വിൽക്കുക ഇതൊക്കെയാണ് ജോലികൾ. കരിയുണ്ടാക്കുക എന്നാൽ വലിയ മല്ല് പിടിച്ച പണിയാണ്. ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മരങ്ങൾ വെട്ടിച്ചാടിച്ച് അത് കത്തിച്ച് കരിയാക്കി കൊടുത്താൽ ചാക്കൊന്നിന് ഒരു രൂപ കിട്ടും. അതിനിടക്ക് കാട്ടാനയുടെ ആക്രമണം നിത്യമാണ്.

ജീവിത സാഹചര്യം വീണ്ടും മോശമായപ്പോൾ മറ്റു പണികൾ കണ്ടെത്തേണ്ടി വന്നു. അങ്ങിനെയാണ് ഡാം പണിക്കെത്തുന്നത്. ദിവസക്കൂലി 17 രൂപയായിരുന്നു.

കുളമാവ് ഡാമിരിക്കുന്ന ആ സ്ഥലം അന്ന് കിളിവള്ളി എന്നാണ് അറിയപ്പെടുന്നത്. ഹൈറേഞ്ചിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം. ഡാം പണിക്കും തുരങ്കത്തിൽ പണിയുന്നതിനും മറ്റുമായി പല നാടുകളിൽ നിന്ന് നിരവധി ആളുകളാണ് അവിടെ വന്നു താമസിക്കുന്നത്.

കിളിവള്ളിയിലെ ഒരു ഹോട്ടലിൽ ഒരു നേരം പൊറോട്ട ഉണ്ടാക്കുന്നത് മൂന്നും നാലും ചാക്ക് മൈദ ഉപയോഗിച്ചിട്ടാണ് എന്ന് പറയുമ്പോൾ തന്നെ ആളുകളുടെ എണ്ണം ഊഹിക്കാവുന്നതെയുള്ളു. അതുപോലെ കുറെ ഹോട്ടലുകൾ അവിടെയുണ്ട്. അങ്ങിനെ ആകെ തിരക്ക് പിടിച്ച സ്ഥലമാണ് ഈ കിളിവള്ളിയും അതിനടുത്ത കുളമാവും. കാലം മാറി ഈയടുത്ത് ഞങ്ങൾ കുളമാവിൽ പോയിരുന്നു. അന്ന് പ്രതാപകാലത്ത് ഉണ്ടായിരുന്ന ആ ആള്കൂട്ടമൊന്നും ഇന്നവിടെയില്ല.

പണിക്കാർ പല ദേശത്തുനിന്നുമാണ് വന്നിരിക്കുന്നതെന്ന് നേരത്തെ പറഞ്ഞുവല്ലോ. അങ്ങിനെയൊരു പണിക്കാരന്റെ മരണമാണ് അപ്പൻ ആദ്യമായി കാണുന്നത്.

ഡാമിനാവശ്യമായ കല്ലുകൾ തൊട്ടപ്പുറത്ത് പാറമടയിൽ നിന്നുമാണ് പൊട്ടിച്ചെടുക്കുന്നത്. അപ്പന് അന്ന് പത്തുപതിനാറ്‌ വയസ്സ് പ്രായം കാണും. കൂടെയുള്ള ഒരു സുമുഖനായ ചെറുപ്പക്കാരൻ, അയാളുടെ നാടും വീടും എവിടെയാണെന്ന് ആർക്കുമറിയില്ല. അവർ കല്ല് പൊട്ടിക്കുന്നു, ചുമന്ന് മാറ്റുന്നു ഇവർ നാലഞ്ചു പേരാണ് ആ സൈറ്റിൽ ജോലി ചെയ്യുന്നത്. ആ സുമുഖനായ ചെറുപ്പക്കാരൻ കല്ലെടുക്കാനായി കുനിഞ്ഞു നിന്ന നേരത്ത് കൂടെ പണിതു കൊണ്ട് നിന്നയാൾ അയാളുടെ തോർത്തുപയോഗിച്ച് മറ്റെയാളുടെ പുറകിൽ അടിച്ചിട്ട് "എന്തോന്നാടെ ഇത്" എന്ന് ചോദിച്ചപ്പോഴേക്കും ആ ചെറുപ്പക്കാരൻ കൽകൂട്ടത്തിലേക്ക് മറിഞ്ഞു വീണു. ബോധം പോയ അയാളെ പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോൾ അയാൾ മരിച്ചിരുന്നു. അന്ന് ചീളു കല്ലോ മറ്റോ തെറിച്ചതാകാം എന്നാണ് ഡോക്ടർ മരണകാരണം പറഞ്ഞത്.

അയാൾ ഒരു വില്ലേജോഫീസറുടെ മകനായിരുന്നു. വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ അയാളുടെ മരണ ചിത്രം പത്രത്തിൽ കണ്ടാണ് അയാളുടെ മൃതദേഹം സ്വീകരിക്കാൻ മാതാപിതാക്കൾ എത്തിയത്.

തൊഴിലാളി സമരവും അതോടൊപ്പം നടന്ന വെടിവെപ്പും കോണ്ട്രാക്ടർ കുമാരൻ നായരുടെ മരണവുമെല്ലാം അതിനിടക്ക് ഉണ്ടായിരുന്നു. ഇന്ന് ഡാമിന്റെ വലതു വശത്ത് കാണുന്ന കെട്ടിടത്തിലായിരുന്നു കുമാരൻ നായർ താമസിച്ചിരുന്നത്. തൊഴിലാളികൾ മനപൂർവ്വമാണ് അദേഹത്തെ കുളമാവ് ഡാമിൽ നിന്നും താഴേക്ക് തള്ളിയിട്ട് കൊന്നതെന്ന് ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്

മരണങ്ങൾ അവിടെ വലിയ സംഭവങ്ങൾ അല്ലായിരുന്നു. നിത്യേന ഒരാളെങ്കിലും മരിക്കും.

അപ്പൻമരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മറ്റൊരു കഥയുമുണ്ട്.

അതായത് മൂലമറ്റം പവർഹൗസിലേക്ക് ഡാമിൽ നിന്നും വെള്ളമെത്തിക്കുന്ന ടണൽ പണിതത് കിളിവള്ളി എന്ന സ്ഥലത്താണ്. ഇപ്പോൾ കുളമാവ് ഡാമിലൂടെ പോകുമ്പോൾ വെള്ളത്തിൽ കാണുന്ന കൊലുംബൻ കപ്പൽ കിടക്കുന്ന ആ സ്ഥലത്തിനടുത്താണ് ഈ ടണലിൽ വായഭാഗം. അതിനിടക്ക് നാടുകാണി ഭാഗത്തു നിന്നും തുരങ്കത്തിൽ പ്രവേശിക്കാം. അതിന്റെ പ്രത്യേകതകൾ കെ എസ് സി ബി സൈറ്റിലൊക്കെ കൊടുത്തിട്ടുണ്ട്.

ആ ടണൽ വായ്‌ഭാഗത്തു നിന്നും കുറെ നേരം ടണലിലൂടെ സഞ്ചരിച്ചാൽ അതിന്റെ അവസാനം കുത്തനെ താഴോട്ടുള്ള ഒരു കിണർ പോലെയാണ്. ടണൽ എന്നാൽ ആന വലിയ ലോറി എന്നിവയൊക്കെ നിഷ്പ്രയാസം കയറി പോകാൻ പറ്റുന്നതാണെന്ന് ഓർക്കണം. ഏതാണ്ട് വലിയൊരു കിണർ പോലെ. അതിൽ നിന്നും കുറെ താഴെയായി എട്ടോ പത്തോ ആയി ടണൽ തിരിഞ്ഞാണ് വെള്ളം ഓരോ ടാർബൈനിലും വീഴുന്നത്. നമ്മുടെ കൈ വിരലുകൾ വിടർത്തി പിടിച്ചു താഴേക്ക് തൂക്കിയിട്ടാൽ എങ്ങിനെയിരിക്കുമോ അതുപോലെ.

തുരങ്കം തുരക്കുന്ന മുഴുവൻ പണികളും തീർന്നു കഴിഞ്ഞ് അവസാന ഭാഗത്തു നിന്ന് വശങ്ങളിൽ സിമന്റ് തേച്ചു കയറി വരുകയാണ് ആ സമയത്തെ ജോലി. തേച്ച ഭാഗത്തോളം വെള്ളം നിർത്തിയിട്ടുമുണ്ട്. നേരെ കിടക്കുന്ന തുരങ്കത്തിലൂടെ കിളിവള്ളിയിൽ നിന്ന് വണ്ടിയിലാണ് കിണറിന്റെ അടുത്തേക്ക് പോകുന്നത്. ലൈറ്റും ഫാനുമൊക്കെയായി വൻ സെറ്റപ്പാണ് ഉൾവശം. കറന്റ് പോയാൽ പിന്നെ ഒന്നും കാണാൻ പറ്റാത്തത് മാത്രമല്ല പ്രശ്നം ഫാൻ ഓഫായൽ ജീവ വായുവും ഇല്ലാതാകും. അത്രക്ക് ദൂരമാണ് പുറത്തു നിന്നും.

അങ്ങിനെ വണ്ടിയിൽ അവസാന ഭാഗത്ത്‌ എത്തി കിണർ പോലുള്ള ഭാഗത്ത് താഴേക്ക് പോകാൻ ലിഫ്റ്റ് സംവിധാനമാണ് ഉള്ളത്. താഴെ നിന്ന് തേച്ചു കയറി വരുന്ന രീതിയാണ്. വെള്ളം കെട്ടി നിർത്തപ്പെട്ടതിന് തൊട്ടു മുകളിലായി വലിയ ഇരുമ്പിന്റെ കേഡർ ഇട്ട് അതിനു മുകളിലാണ് തൊഴിലാളികൾ പണിയെടുക്കുന്നത് എട്ടു പേരുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് അപ്പൻ.

അന്നാ ദിവസം കിണർ ഭാഗത്ത് നല്ല അഴത്തിലാണ് പണി നടക്കുന്നത്. ഏകദേശം നൂറടി കാണും. ആവശ്യമുള്ള സാധനങ്ങൾ ലിഫ്റ്റ് വഴി ഇറക്കികൊടുക്കാൻ മുകളിൽ ലിഫ്റ്റ് ഓപ്പറേറ്ററും ഉണ്ടാകും.

എന്നത്തേയും പോലെ സാധാരണ ഒരു ദിവസം പണി നടക്കുന്നു. ഉച്ചകഴിഞ്ഞുള്ള ചെറുകടിയും ചായയും മേടിക്കാൻ അവർ തീരുമാനിക്കുന്നു. ആര് മുകളിലേക്ക് പോകും എന്നായി തർക്കം. അവസാനം പ്രായത്തിൽ കുറഞ്ഞ അപ്പനോടും കുഞ്ഞുമോൻ എന്നോ മറ്റോ പേരുള്ള ഒരാളും കൂടി പോയി മേടിച്ചോണ്ടു വരാൻ എല്ലാവരും ആവശ്യപ്പെടുന്നു.

അരയിൽ ഒരു മുണ്ടും തലയിൽ ഒരു തോർത്തുമാണ് വേഷം. അവർ ലിഫ്റ്റിൽ കയറി ബെല്ലടിച്ചു. ലിഫ്റ്റ് മുകളിലേക്ക് ഉയർന്ന് ഏകദേശം പകുതി പിന്നിട്ടപ്പോൾ താഴെ നിന്നും വലിയ ഒരു ശബ്ദവും കൂടെ വെളിച്ചവും ഫാനും ലിഫ്റ്റും ഓഫായി പോയി. താഴേക്ക് നോക്കി കണ്ണിൽ കുത്തികയറുന്ന ഇരുട്ടത്ത് കുറെ നേരം സഹപ്രവർത്തകരെ വിളിച്ചുവെങ്കിലും ഒരനക്കവുമില്ലായിരുന്നു. മുകളിലേക്ക് നോക്കി വിളിക്കുമ്പോൾ അവിടെയും അനക്കമൊന്നുമില്ല. അതിനർത്ഥം ഇനിയും ഒരുപാട് ദൂരമുണ്ട് മുകളിലേക്ക് എന്നാണ്. കുറെ നേരം എന്തു ചെയ്യണമെന്ന് അറിയാതെ ആ നിൽപ്പ് തുടർന്നു ആകാശത്തിനു ഭൂമിക്കുമടിയിൽ ഒന്നിലും തൊടാതെയുള്ള നിൽപ്പിനെ കുറിച്ച് അപ്പനെന്നോട് പറയുമ്പോൾ തെല്ലും ഭീതി അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല. ഇത് കേട്ടപ്പോൾ എന്റെ ഉള്ളംകാലിൽ നിന്ന് ഒരു പെരുപ്പ് കയറുന്നത് പോലെ തോന്നി.

സംഭവം ഇങ്ങനെ നിന്നാൽ പന്തികേടാകുമെന്നു മനസ്സിലാക്കി അവർ എങ്ങനെയെങ്കിലും മുകളിലേക്കെത്താൻ തീരുമാനിച്ചു. വായുവിന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഫാനടക്കം ഓഫായിരിക്കുകയാണ്. കുറെ നേരം കൂടി തുടർന്നാൽ വായു കിട്ടാതെ മരിക്കും. അങ്ങിനെ അവർ ലിഫ്റ്റ് തൂങ്ങി കിടക്കുന്ന കയർ (വലിയ ഇരുമ്പ് കയറാണ്) വഴി മുകളിലേക്കെത്താൻ ശ്രമമരംഭിച്ചു.

ഉടുത്തിരുന്ന മുണ്ടഴിച്ചു തോർത്ത് അരയിൽ കെട്ടി കയറിലെ ഗ്രീസ് തുടച്ചുകളഞ്ഞാണ് മുകളിലേക്ക് വലിഞ്ഞു കയറിയത്. പിടിവിട്ടാൽ അഗാധമായ ടണലിലെ വെള്ളത്തിൽ വീണുള്ള മരണം ഉറപ്പാണ്‌. ഏകദേശം ഒരു മണിക്കൂറെടുത്തു മുകളിലെത്താൻ. ഇപ്പോൾ പത്തറുപത് വയസ്സുണ്ടെങ്കിലും ഇതൊക്കെ പറയുമ്പോഴുള്ള ഒരവേശമുണ്ടല്ലോ അതൊക്കെയൊന്ന് നേരിൽ കാണേണ്ടതാണ്.

മുകളിലെത്തിയപ്പോൾ വലിയ സൈറനും ആളും ബഹളവുമെല്ലാം കൂടിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കും ഒരു ധാരണയുമില്ല. ഇരുട്ടത്ത് നേരെ കിടക്കുന്ന ടണലിൽ ആംബുലൻസ് വാഹനങ്ങളുടെ വെളിച്ചം മാത്രമാണുള്ളത്.

താഴേക്ക് നോക്കിയാൽ ഒന്നും കാണാനില്ല. അത്രക്ക് അഴത്തിലാണ് അപകടം നടന്നത്. അന്ന് ടി വി യും ന്യൂസൊന്നുമില്ലാത്തത് കൊണ്ട് അതൊന്നും വലിയ വാർത്തയുമായില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് അപകടത്തിന്റെ ആഴം വ്യക്തമാകുന്നത്. ഇവരൊഴിച്ചു ബാക്കി എല്ലാവരും ഇരുമ്പു കേഡർ തകർന്ന് താഴെ വെള്ളത്തിലേക്ക് വീണ് മരണപ്പെട്ടു. പിന്നീട് അങ്ങോട്ടു പോയ പണിക്കാർ പറഞ്ഞത് താഴെ കെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിന് ചോരയുടെ നിറമായിരുന്നു എന്നാണ്. രണ്ടു മൂന്ന് ദിവസം കൊണ്ട് ശരീര ഭാഗങ്ങൾ വെള്ളത്തിൽ നിന്ന് തപ്പിയെടുക്കുമ്പോൾ ഒരു ശരീരം പോലും യഥാർഥ രീതിയിൽ ഉണ്ടായിരുന്നില്ല. തലയും കയ്യും കാലുമായി എല്ലാം ചിന്നി ചിതറി പോയിരുന്നു.

സംഭവം വീട്ടിലറിഞ്ഞു...വീട്ടുകാർ അറിയതെയുള്ള ഏർപ്പാടായിരുന്നു ആ ജോലി. അതോടെ വല്യപ്പന്റെ ഉഗ്രശാസന എത്തി. ഇനി അവിടെ പണിക്ക് പോകരുതെന്ന്. എന്നാൽ അപ്പന്റെ കൂടെയുണ്ടായിരുന്ന കുഞ്ഞുമോൻ ബാക്കി പണി തുടങ്ങിയപ്പോൾ പിന്നയും അവിടെ പണിയാൻ പോയി എന്നുള്ളതാണ്. അതാണ് ഇടുക്കിക്കാരുടെ കരളുറപ്പ്..."വല്യപ്പൻ വിലക്കിയില്ലായിരുന്നുവെങ്കിൽ ഞാനും പോയേനെ" എന്ന് അപ്പൻ....

അങ്ങിനെ കാലം കഴിഞ്ഞപ്പോൾ കുഞ്ഞുമോനടക്കമുള്ള പണി തുടർന്നവർക്ക് കെ എസ് സി ബി സ്ഥിരം ജോലി നൽകി. അപ്പനും കുടുംബവും ആ നാട്ടിലെ സ്ഥലവും വിറ്റു കട്ടപ്പനക്ക് ബസ് കയറി.

നമ്മുടെ തലമുറയ്ക്ക് പാഠമാണ് അവരുടെ തലമുറ. നമ്മെകൊണ്ടു പറ്റാത്തത് പലതും അവർക്ക് സാധിച്ചു.

ഇടുക്കി ഡാമിലെ വെള്ളത്തിന്റെ ഒരു ശതമാനം പോലും തുറന്നു വിട്ടിട്ടില്ല അപ്പോഴേക്കും നമ്മളെല്ലാം പേടിച്ചു. അപ്പോൾ ആ ഡാമിൽ മുകളിൽ നിന്നും താഴേക്കും, കല്ലു വീണും, തുരങ്കത്തിനകത്തും, വെള്ളത്തിൽ വീണും മരിച്ച എത്രയോ ആളുകൾ ജീവിച്ച നാടാണിത്. അവരിൽ രേഖകളിൽ 85 പേരും ഒരു രേഖകളിലുമില്ലാതെ ചെറുതോണി അലിഞ്ചുവട്ടിലെ പൊതു ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായി എത്രയോ പേർ കാണും. മൂന്ന് ഡാമിലും അതിനോട് ബന്ധപ്പെട്ട പണികളിലുമായി ഏകദേശം മൂവായിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് പഴമക്കാർ പറയുന്നത്. അപ്പനേക്കാൾ ഭീതിപ്പെടുത്തുന്ന ഓർമകളുമായി ജീവിക്കുന്ന വേറെ എത്രപ്പേർ കാണും.

അപ്പന്റെ കഥകൾ ഇവിടം കൊണ്ടും തീരുന്നില്ല. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് പറഞ്ഞത് പോലെയാണ് ആ തലമുറയുടെ കാര്യം.

2013ൽ രണ്ടു കാലും തളർന്നു വീണ സ്വന്തം ഭാര്യയെ അതായത് എന്റെ അമ്മയെ ഒറ്റക്ക് ഇത്രകാലം സുന്ദരമായി പരിചരിച്ചു. ഇപ്പോഴും ഒരു പരാതിയുമില്ലാതെ പരിചരിക്കുന്നു. എത്ര ഭർത്താക്കന്മാർ ഈ നാട്ടിൽ ഇങ്ങനെ കാണും. ഒരുപക്ഷേ പഴയ ആളുകൾക്ക് പറ്റുമെങ്കിലും ഇന്നത്തെ തലമുറ രണ്ടാമതൊന്ന് ആലോചിക്കും.

രാജാവായി ജീവിച്ചിരുന്ന അപ്പൻ പെട്ടന്നൊരു സുപ്രഭാതത്തിൽ ഒരു മടിയും കൂടാതെ അടുക്കളപണിയും തുണിയലക്കും മറ്റുമായി ജീവിക്കുന്നു. അവിടെയും ആ ഇടുക്കിക്കാരൻ നന്മ മരമായി. വായെടുത്തു വലത്തോട്ട് വെച്ചാൽ അപ്പനുമായി ഉടക്കിയിരുന്ന ഞാനൊക്കെ ഇപ്പോൾ അപ്പന്റെ വല്യ ഫാനാണ്.....വെറും ഫാനല്ല കട്ട ഫാൻ.......

30/07/2018

ആധികാരികത ഉറപ്പില്ല........

30/07/2018

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് കാണാന്‍ വിനോദസഞ്ചാരികള്‍ പോകരുത്. ഇടുക്കി വാഴത്തോപ്പ്, മരിയാപുരം, ക.....

20/03/2018
14/03/2018

കുറച്ചു കാലം മുമ്പ് നടന്ന സംഭവമാണ്.

എന്റെ ഒരു സുഹൃത്ത് എന്നെ കോട്ടയം പോകാൻ വിളിച്ചു. കാര്യമന്വേഷിച്ചപ്പോൾ അവന്റെ അച്ഛന് എം ആർ ഐ സ്കാൻ ചെയ്യാൻ കോട്ടയം കാരിത്താസ് ആശുപത്രി വരെ പോകണം. ഞാൻ വരാമെന്ന് സമ്മതിച്ചു.

അങ്ങിനെ പറഞ്ഞ ദിവസം അതിരാവിലെ ഞങ്ങൾ കോട്ടയത്തേക്ക് യാത്ര തിരിച്ചു.

യാത്രയിൽ സുഹൃത്തിന്റെ അച്ഛൻ ഓരോ കാര്യങ്ങൾ പറയുന്നുണ്ട്. പറയുന്ന കാര്യങ്ങൾ തന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കുന്നു. കൈക്കു വേദന കാലിന് ചട്ട് എന്ന് വേണ്ട അദ്ദേഹത്തിനില്ലാത്ത രോഗങ്ങൾ ഒന്നും തന്നെയില്ല. കൂട്ടുകാരൻ പറഞ്ഞതനുസരിച്ച് അനാവശ്യമായുള്ള സംസാരമാണ് വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്, എന്നെനിക്ക് മനസ്സിലായി.

പ്രശനം തുടങ്ങിയിട്ട് കാലം കുറെയായി. കട്ടപ്പനയിൽ ഒരു പ്രമുഖ ആശുപത്രിയിലായിരുന്നു അതുവരെ ചികിത്സ. ആഴ്ചയിൽ ഒന്ന് ഡോക്ടറെ കാണണം. കുറഞ്ഞത് 2000 രൂപയുടെ മരുന്ന് അവർ കുറിച്ചു കൊടുക്കും. പിന്നെ ടെസ്റ്റുകൾ യാത്രക്കൂലി അങ്ങിനെ നല്ലൊരു തുക വേറെയും .ഇനി ചികത്സ നടത്തുന്ന ഡോക്ടറെ കാണണമെങ്കിലോ മാനസികാരോഗ്യ കേന്ദ്രത്തിലാണ് പോകേണ്ടത്. അതിനർത്ഥം വട്ടിനുള്ള ചികിത്സയാണ് ആ ദുഷ്ടന്മാർ ഈ സാധു മനുഷ്യന് നൽകിയതെന്ന് ചുരുക്കം.

നാട്ടുകാർ ആരെങ്കിലും ഇവിടെ പോകുന്നത് കണ്ടാൽ ഭ്രാന്താണെന്നു പറയും എന്നുള്ളത് കൊണ്ട് പാത്തും പതുങ്ങിയുമാണ് പോക്കും വരവുമൊക്കെ . അങ്ങിനെ ഒരു പോക്കിൽ ഓട്ടം വിളിച്ചു കൊണ്ട് പോയ ഓട്ടോ ഡ്രൈവറുടെ വാക്കാണ് അവരെ മറ്റാശുപത്രി തിരക്കാൻ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്ക് ഇങ്ങനെയായിരുന്നു "ചേട്ടാ കണ്ടിട്ട് വല്യ കുഴപ്പമൊന്നുമില്ലല്ലോ, ഇവിടെ കൊണ്ടെ ജീവിതം കളയാതെ നല്ല വല്ല ആശുപത്രിയിലും പോകാൻ."

അങ്ങിനെ ആരോ പറഞ്ഞതനുസരിച്ചാണ് അവർ ഈരാറ്റുപേട്ടയിൽ എത്തിയത്. അവിടെ നല്ലൊരു ഞരമ്പിന്റെ ഡോക്ടർ ഉണ്ടെത്രെ.

അന്വേഷിച്ചു പിടിച്ച് വന്നപ്പോൾ ആ ഡോക്ടർ അവിടുന്ന് പോയിട്ട് ഒരു വർഷം കഴിഞ്ഞതായി അറിഞ്ഞു. അവിടുന്ന് ആരോ പറഞ്ഞതനുസരിച്ച് മറ്റൊരു ഡോക്ടറെ പോയി കണ്ടു. അദ്ദേഹം പേട്ടയിലെ ഒരു സ്വാകാര്യ ആശുപത്രിയിലെ ന്യൂറോയാണ്. കാര്യങ്ങൾ കേട്ട ശേഷം അയാൾ എം ആർ ഐ സ്കാൻ ചെയ്യാൻ നിർദേശിച്ചു. അതും കാരിത്താസ് ആശുപത്രിയിൽ തന്നെ ചെയ്യണം.

ഈ യാത്രക്ക് വേണ്ടിയാണ് അവർ എന്നെ വിളിച്ചത്.

അവരുടെ പ്ലാൻ ഇങ്ങനെയായിരുന്നു...രാവിലെ കാരിത്താസിൽ പോയി mri എടുത്തിട്ട്, ഉച്ച കഴിഞ്ഞ് പേട്ടയിൽ പോയി ഡോക്ടറെ കാണണം.

ഈ പ്ലാനിന്റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. കാരിത്താസ് പോലെ നല്ല ഒരു ആശുപത്രി ഉള്ളപ്പോൾ എന്തിനാണ് അവിടുന്ന് mri എടുത്തിട്ട് വീണ്ടും പേട്ടക്ക് പോകുന്നത് എന്ന ചിന്തയായിരുന്നു എനിക്ക്.

അങ്ങിനെ ഞാൻ പറഞ്ഞതനുസരിച്ച് കാരിത്തസിൽ mri എടുത്തിട്ട് അവിടുത്തെ ഡോക്ടറെ തന്നെ കാണാം എന്നായി പ്ലാൻ.

അങ്ങിനെ കുറെ നേരം മുന്നോട്ട് പോയപ്പോൾ ഭാര്യ വിളിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ mri വളരെ ചെലവ് കുറച്ച് ചെയ്യും. നേരത്തെ പറഞ്ഞതനുസരിച്ച് 7500 രൂപയാകുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ 2000 പോലും ആകില്ലെന്ന് അവൾ പറഞ്ഞു.മാത്രമല്ല അന്ന് ന്യൂറോ ഓ പി യും ഉണ്ടത്ര.

അങ്ങിനെയെങ്കിൽ മെഡിക്കൽ കോളേജിൽ mri എടുത്തിട്ട് അവിടുത്തെ ഡോക്ടറെ തന്നെ കാണാനായി ഞങ്ങളുടെ തീരുമാനം.

അങ്ങിനെ കുറെ മുന്നോട്ടു പോകവെ ഞാൻ ഈ mri ആരാണ് നിർദേശിച്ചത് എന്ന് അവരോട് ചോദിച്ചു. പേട്ടയിലെ ഡോക്ടർ . ഉത്തരവും ഉടനെ തന്നെ വന്നു. "അവിടെ പോകുന്നില്ലാത്ത സ്ഥിതിക്ക് ഇനി നമ്മൾ mri ചെയ്യണ്ട. മെഡിക്കൽ കോളേജിലെ ഡോക്ടർ പറയുന്നത് എന്താണോ അത് പോലെ ചെയ്യാം" അങ്ങിനെ മനസ്സില്ലാ മനസ്സോടെ എന്റെ തീരുമാനത്തെ അംഗീകരിച്ച് ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ രോഗിയുടെ അടുത്ത രോഗം തുടങ്ങിയിരുന്നു, അതിങ്ങനെയായിരുന്നു പുറത്തു വന്നത്.
"Mri എടുക്കാമെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയിട്ട് mri എടുക്കാതെ തിരിച്ചു പോയാൽ രോഗം കുറയുമോ? നാട്ടുകാർ mri എടുത്തോ എന്ന് ചോദിച്ചാൽ ഞാനിനി എന്ത് പറയും" എന്നൊക്കെ പറഞ്ഞുകൊണ്ട് അദ്ദേഹം പിന്നെ അതിൽ പിടിച്ചു തൂങ്ങി. അവസാനം സഹികെട്ട് ഞാൻ പറഞ്ഞു "ഇനി mri എടുക്കാത്തത് കൊണ്ട് രോഗം മാറുന്നില്ലങ്കിൽ കുറച്ചു പൈസ പോയാലും വേണ്ടില്ല അതും എടുത്തേക്കാമെന്ന്" അത് കേട്ടപ്പോൾ അദ്ദേഹമൊന്നു ഒതുങ്ങി.

പിന്നെ മറ്റൊരു പ്രശ്നം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉയർന്നു വന്നത് ഇങ്ങനെയായിരുന്നു . മെഡിക്കൽ കോളേജിലെ ഡോകടർമാർ നല്ല പോലെ പരിശോധിക്കില്ല അവിടെ നല്ല തിരക്കാണ് ഇന്ന് വല്ലതും നടക്കുമോ എന്നൊക്കെ...ഞാൻ കൂടുതലൊന്നും മിണ്ടാൻ പോയില്ല. നേരെ മെഡിക്കൽ കോളേജിലോട്ടു തന്നെ വെച്ച് പിടിച്ചു.

ഒരു 11 മണിയായി കാണും ഞങൾ ഓ പി യിൽ ചെല്ലുമ്പോൾ ബീവറേജിനേക്കാൾ വലിയ ക്യു ആണ് മുന്നിൽ.

അത് കണ്ടപ്പോൾ അദ്ദേഹം പിന്നെയും ഇളകി. "ഈ പരിശോധന കൊണ്ടൊന്നും നടക്കില്ല കണ്ടില്ലേ എന്തോരം ആളാണെന്നൊക്കെ "പക്ഷെ ആരും മൈൻഡ് ചെയ്തില്ല.

പത്തു മിനിട്ടു കഴിഞ്ഞപ്പോൾ തന്നെ ഡോക്ടറെ കാണാൻ അദ്ദേഹത്തെ അറ്റൻഡർമാരാൽ ക്ഷണിക്കപ്പെട്ടപ്പോൾ അദ്ദേഹം അന്തിച്ചിട്ടുണ്ടാകും. ഇത്ര പെട്ടെന്നോ എന്ന്?

ആ മുറിയിൽ ന്യൂറോ നെഫ്രോളജി വിഭാഗത്തിന്റെ ഓ പി യാണ്. രണ്ടു വിഭാഗത്തിലുമായി വലിയൊരു മേശക്കു ചുറ്റും പത്തിരുപത് ഡോക്ടർമാർ നിരന്നിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ രോഗികളെ പെട്ടന്ന് വിളിക്കുന്നുണ്ടായിരുന്നു. അവർ അകത്തു കയറിയപ്പോൾ ഞങ്ങൾ വാതിലിന്റെ പുറത്തു നിന്നു.

ഒരു ഇരുപത് മിനിറ്റ് ആ രോഗിയുടെ മുഴുവൻ വിഷമങ്ങളും ആ ഡോക്ടർ കേട്ടു എന്നുള്ളതാണ് വാസ്തവം. രോഗികളുടെ ആധിക്യം പരിശോധനയുടെ നിലവാരത്തെ ബാധിക്കുമോ എന്ന രോഗിയുടെ സംശയത്തെ ആസ്ഥാനത്താക്കി ആ ഡോകടർ രോഗിയെ വിശദമായി പരിശോധിച്ചു.

നടത്തിയും ഇരുത്തിയും കിടത്തിയും ചാടിച്ചും എന്നു വേണ്ട രോഗി എന്തൊക്കെ ബുദ്ധിമുട്ട് പറഞ്ഞോ, അതിനെല്ലാം തക്ക പരിശോധനകൾ നടത്തിയിട്ടാണ് ആ ഡോക്ടർ മരുന്നിന് കുറിപ്പ് എഴുതിയത്.

അങ്ങിനെ പരിശോധനകൾക്ക് ശേഷം പുറത്തു വന്നപ്പോൾ തന്നെ രോഗിയുടെ മനസ്സ് നിറഞ്ഞിരുന്നു. "മെഡിക്കൽ കോളേജ് എന്നു പറഞ്ഞാൽ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല, നിങ്ങൾ കണ്ടില്ലേ എല്ലാ തരത്തിലും അവർ സമയമെടുത്ത് എന്നെ പരിശോധിച്ചു, എന്തായാലും വന്നത് നന്നായി" എന്ന് പറഞ്ഞു ഞങ്ങൾ പുറത്തേക്ക് നടക്കുമ്പോൾ സൗജന്യ മരുന്ന് ലഭിക്കുന്ന സ്ഥലത്ത് വൻതിരക്കായിരുന്നു. പുറത്തു നിന്ന് മരുന്നു മേടിക്കാൻ തീരുമാനമെടുക്കാൻ പിന്നീട് അധികം ആലോചിക്കേണ്ടി വന്നില്ല.

മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നു മേടിച്ചപ്പോഴാണ് അടുത്ത ഞെട്ടൽ ഉണ്ടാകുന്നത്. എല്ലാം അടിച്ചു പോയി എന്നു കരുതി പത്തിരുന്നൂറ്‌ കിലോമീറ്റർ വണ്ടിയോടിച്ച് മെഡിക്കൽ കോളേജിൽ എത്തി അര മണിക്കൂർ പരിശോധനയും നടത്തിയിട്ട് ആ ഡോക്ടർ തന്നത് ഇത്തിപ്പോലം വലിപ്പത്തിൽ പത്ത് ചെറിയ ഗുളിക.

അത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ രോഗം പിന്നെയും ഇളകി. ഇത് തിന്നാൽ മാറുമോ ആഴ്ചയിൽ 2000രൂപയുടെ മരുന്ന് വേണ്ട സ്ഥാനത്ത് വെറും 45 രൂപ വിലയുള്ള ഈ മരുന്ന് ഫലപ്രദമാകുമോ? ഇനിയിപ്പോൾ പഴയ മരുന്നു തിന്നണോ? കുറയുവായിരിക്കും അല്ലെ? തുടങ്ങി നിരവധി ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചു കൊണ്ടിരുന്നു.

അങ്ങിനെ ദിവസങ്ങൾ കടന്നു പോയി ആ മനുഷ്യനെ രണ്ടാഴ്ച്ച കഴിഞ്ഞു ഞാൻ വീണ്ടും കണ്ടു. പഴയ അതെ വ്യക്തി, ഗൗരവം ഒട്ടും കുറഞ്ഞിട്ടില്ല തൂക്കി അളന്ന വാക്കുകൾ മാത്രം. എപ്പോഴും സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹം ഇപ്പോൾ പഴയതു പോലെയായിരിക്കുന്നു.അനാവശ്യമായ വർത്തമാനങ്ങൾ ഇല്ല. ചിന്തകൾ ഇല്ല പേടിയില്ല. അങ്ങിനെ പഴയ ആൾ എങ്ങനെയോ അങ്ങിനെയായി അയാൾ വീണ്ടും മാറി.

മനുഷ്യന് രോഗം വരും സ്വാഭാവികം പണം മുടക്കിയാൽ മാത്രം നല്ല ചികിത്സ എന്നുള്ള നമ്മുടെ ചിന്ത ആദ്യമേ മാറണം. ആവശ്യമുള്ളപ്പോൾ പണം ചെലവഴിക്കുക. പണം കൊടുത്താൽ നല്ല വിദ്യാഭ്യാസം കിട്ടാത്തത് പോലെ പണം കൊടുത്താൽ നല്ല ചികിത്സ ലഭിക്കുമെന്ന നമ്മുടെ ധാരണ ആദ്യമേ പറിച്ചെറിയണം. സർക്കാരിന്റെ സ്ഥാപനങ്ങൾ നമ്മുടെ നികുതിപ്പണമാണെന്ന ധാരണയുള്ള സമൂഹത്തിൽ വിദ്യാഭ്യാസവും ചികിത്സയും കച്ചവടമാക്കില്ല.

ഉപദേശങ്ങൾക്കും സഹായങ്ങൾക്കും അദ്ദേഹത്തിന്റെ ഭാര്യ നന്ദിയോടെ ഓർക്കുമ്പോൾ mri ക്കു നിർദേശിച്ച് ഡോക്ടർ എഴുതിയ കുറിപ്പ് അദ്ദേഹത്തിന്റെ വീട്ടിലെ അടുപ്പിൽ കിടന്ന് എരിയുന്നുണ്ടായിരിക്കണം.

ഫൈസൽ മുഹമ്മദ് വെള്ളയാംകുടി

Not only parents, society must also be vigilant to protect and care our youth..
14/03/2018

Not only parents, society must also be vigilant to protect and care our youth..

കടപ്പാട് Shibu thomas FB post.....
13/03/2018

കടപ്പാട് Shibu thomas FB post.....

ഇത് വെള്ളയാംകുടി സെന്റ് ജറോംസ് സ്‌കൂൾ ഒരു കാലത്ത് കട്ടി മീശയും നൂറ്റുകോലു പൊക്കവുമായി എല്ലാ ക്ലാസ്സിലും  തോറ്റുതോറ്റു പഠ...
13/03/2018

ഇത് വെള്ളയാംകുടി സെന്റ് ജറോംസ് സ്‌കൂൾ ഒരു കാലത്ത് കട്ടി മീശയും നൂറ്റുകോലു പൊക്കവുമായി എല്ലാ ക്ലാസ്സിലും തോറ്റുതോറ്റു പഠിച്ചിരുന്ന വലിയ ചേട്ടനമാരുടെ കഥന കഥയുണ്ടിവിടുത്തെ മണ്ണിന് തൊട്ടടുത്ത് കട്ടപ്പന ഗവ കോളേജ് . അവിടെ ആരെന്തു സമരം വെച്ചാലും ഇവിടെയും വരും പിള്ളേരെ ഇറക്കി വിടും. ഇനി അവിടെ സമരമില്ലങ്കിലും ഇവിടെ സമരം നിത്യ സംഭവമാണ്. സെന്റ് ആന്റണീസ് എന്നൊരു ബസ് മാത്രമാണ് 4 മണിക്ക് സ്‌കൂളിന് മുന്നിലൂടെ പോകുന്നത്. അതിൽ കേറുന്ന കുട്ടികളോട് ബസ്സുകാർ മോശമായി പെരുമാരുന്നതാണ് സമരത്തിന്റെ കാരണവും. മിക്കവാറും ആ ബസ് തടയും....സ്‌കൂലകളുള്ള മുഴുവൻ കുട്ടികളെയുമിറക്കിയാണ് തടച്ചിൽ. ഞാൻ 5 ൽ പഠിക്കുമ്പോൾ അങ്ങിനെ നടന്ന ഒരു സമരം ഞാൻ ഓർക്കുന്നു. ഞങ്ങളെയെല്ലാം റോട്ടിലിറക്കി നിർത്തി.ബസ് തടഞ്ഞു . ഒറ്റ വാഹനവും കടത്തി വിട്ടില്ല. അവസാനം പോലീസ് വന്നു നേതാക്കന്മാരെ അറസ്റ്റ്‌ ചെയ്തു കൊണ്ട് പോകുന്നത് വരെ സമരം തുടർന്നു.....അതൊക്കെ ഒരു കാലം.....ഇന്നാ സ്‌കൂളിന് മുന്നിലൂടെ പോയപ്പോൾ കണ്ടത് യൂണിഫോമൊക്കെയിട്ട് മര്യാദക്കാരായി മാറിയിരിക്കുന്ന ന്യൂ ജെൻ കുട്ടികൾ....കാലത്തിന്റെ ഒരു പോക്കെ. അന്ന് സമരം ചെയ്‌ത തലമുറയുടെ കുട്ടികൾ ഇന്ന് "അരുതു" കളോട് സമരം ചെയുന്നു.

10/03/2018

....This is Vellayamkudy cyber town....
All are requested to contribute with news feeds, photos, events, history notes and other relevant information.

Address

Kattapana
685515

Telephone

919446103575

Website

Alerts

Be the first to know and let us send you an email when എന്റെ വെള്ളയാംകുടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share