08/08/2026
-malayalam
ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് വരുന്ന ആ വെള്ള അംബാസഡർ കാർ കണ്ട് ചായക്കടയിൽ ഇരുന്നവരെല്ലാം കൗതുകത്തോടെ തല പുറത്തേക്കിട്ടു . കാറിനു പിറകിൽ കുട്ടികളുടെ ഒരു കൂട്ടം തന്നെ ഓടിയെന്നോണം വരുന്നുണ്ട്. മുൻ സീറ്റിലിരിക്കുന്ന ബ്രോക്കർ കുഞ്ഞഹമ്മദിനെ കണ്ട് അതൊരു പെണ്ണുകാണൽ സംഘമാണെന്ന് ചായക്കടയിലുള്ളവർക്കെല്ലാം മനസ്സിലായി. കുഞ്ഞഹമ്മദ് ഗമയോട് അവരെയെല്ലാം ഒന്നു നോക്കി. "ഹോ ഓൻ്റൊരു ഭാഗ്യം. ഇങ്ങനെ ഇടക്കൊകെ കാറിൽ കയറാലോ നമ്മൾക്കൊന്നും ആ ഭാഗ്യം വിധിച്ചിട്ടില്ല".നരച്ച് തുടങ്ങിയ താടി ഒന്ന് ഉഴിഞ്ഞു കൊണ്ട് ചായക്കടക്കാരൻ ദാമുവേട്ടൻ പറയുന്നത് കേട്ട് മറ്റുള്ളവരും തലയാട്ടി. ശരിയാണ് ആ ഗ്രാമത്തിലെ അവരാരും കാറിൽ കയറിയിട്ടില്ല .കുഞ്ഞഹമ്മദ് ഒരു കല്യാണ ബ്രോക്കർ ആയതിനാൽ ഇടക്കൊക്കെ കാറിൽ കയറാനും പോകാനും ഭാഗ്യമുണ്ടാകാറുണ്ട്.പെണ്ണ്കാണലുകാർ സമ്പന്നരാണെങ്കിലാണ് കാറുമായി വരുക.അല്ലാത്തവർ ജീപ്പിലോ നടന്നിട്ടോ ആണ് വരാറ്.ഓടിട്ട ആ കൊച്ചു വീടിൻറെ മണ്ണ് തേച്ച് മിനുക്കിയ മുറ്റത്തേക്ക് കാർ ചെന്നു നിന്നു. അപ്പോഴേക്കും അടുത്തടുത്ത വീടുകളിൽ നിന്നെല്ലാം പല തലകൾ പുറത്തേക്ക് നീണ്ടു. ആരാണ് കാറിൽ വന്നിരിക്കുന്നത് ..അതും അലവിക്കാന്റെ വീട്ടിലേക്ക് ..ഒരു വകയുമില്ലാത്ത അലവിക്കാന്റെ കുടുംബങ്ങളിൽ ആർക്കും കാറില്ല. അത് അവർക്ക് ഉറപ്പാണ്. അലവിക്കയും സത്യത്തിൽ ഞെട്ടിയിരിക്കുകയാണ്. ആരാണ് തന്റെ വീട്ടിലേക്ക് കാറുമായി വന്നിരിക്കുന്നത്. അയാൾ അമ്പരന്നു. എഴുന്നേറ്റ് പടിയിലേക്ക് ഇറങ്ങി നിന്നു .ശബ്ദം കേട്ട് അകത്ത് നിന്നും രണ്ട് സ്ത്രീകളുടെ തലകൾ നീണ്ടു .ആ തലകൾ ഒന്ന് അലവിക്കയുടെ ഭാര്യ സുഹ്റത്തേയുടേയും മകൾ നസീമയുടെയുമാണ്. . കാറിനു മുമ്പിൽ ഇരിക്കുന്ന കുഞ്ഞഹമ്മദിനെ കണ്ടു അലവിക്ക ബേജാറിലായി. കാരണം കല്ല്യാണ ബ്രോക്കറായ അയാൾ കാറിൽ ഒക്കെ തന്റെ വീട്ടിലേക്ക് ഒരു കൂട്ടരെ കൊണ്ടുവരണമെങ്കിൽ അവർ പണക്കാര് ആവാതിരിക്കുകയില്ലല്ലോ .തന്നെപ്പോലെ ഒരു ഗതിയും ഇല്ലാത്ത ഒരാൾക്ക് ഇത്രയും പണക്കാരുമായുള്ള ഒരു ബന്ധമോ..ആ സമയം കൊണ്ട് ബ്രോക്കറെ സുഹ്റത്തയും നസീമയും കണ്ടിരുന്നു. അവർക്കും കാര്യം പിടികിട്ടി . നസീമ പെട്ടെന്ന് അവിടുന്ന് വലിഞ്ഞു. ചിരിച്ചുകൊണ്ട് കുഞ്ഞഹമ്മദും പിറകെ കാറിൽ ഉള്ളവരും ഇറങ്ങി. ഒരു മധ്യവയസ്കനും ഒരു ചെറുപ്പക്കാരനുമാണ് കാറിൽ നിന്ന് ഇറങ്ങിയത് .ഡ്രൈവർ മുറ്റത്തെ ഒരു സൈഡിലേക്ക് വണ്ടി തിരിച്ചിട്ടു .ആദ്യത്തെ അമ്പരപ്പ് ഒന്ന് മാറി അലവിക്ക വന്നവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി .ഉമ്മറത്തെ കാവിയിട്ട അരത്തിണ്ടിലേക്ക് കുഞ്ഞഹമ്മദ് ഇരുന്നു. രണ്ട് കസേര നീക്കിയിട്ട് അതിൽ തന്റെ തോളിൽ കിടന്ന തോർത്തുകൊണ്ട് തുടച്ചു അലവിക്ക മറ്റു രണ്ട് പേരോടും ഇരിക്കാൻ പറഞ്ഞ് ബ്രോക്കറെയും വന്നവരെയും സംശയത്തിൽ നോക്കി. "അലവിക്കാ ..ഇത് ങ്ങളെ കുട്ടിനെ കാണാൻ വന്നോരാ.ഞാൻ ങ്ങളോട് പറഞ്ഞിരുന്നിലേ തമിഴ്നാട്ടിൽന്ന് ഒരാലോചനയെ പറ്റി."തമിഴ്നാട് എന്ന് കേട്ടതും അലവിക്കയുടെ മുഖം മങ്ങി . അലവിക്കയുടെ മാത്രമല്ല പുറത്തെ സംസാരങ്ങൾ കേൾക്കുകയായിരുന്ന സുഹറയുടെയും നസീമയുടെയും മുഖത്തും മങ്ങലേറ്റു.. അലവിക്കയുടെ മങ്ങൽ മനസ്സിലാക്കിയെന്നോണം ബ്രോക്കർ തൻ്റെ വാക്ചാതുര്യം പുറത്തെടുത്തു. "അതെ ഇങ്ങള് വിചാരിക്കും പോലെ അല്ല.. തമിഴ്നാട്ടിലാണ് എന്നേള്ളൂ... അവര് മലയാള്യോള് തന്നെയാ.. നമ്മുടെ ചെറിയൊരു ബന്ധുക്കൾ ആയിറ്റ് വരും .""ഇതാണ് ചെക്കൻ ...സലീം."ചെറുപ്പക്കാരനെ നോക്കി കുഞ്ഞഹമ്മദ് പറഞ്ഞു.അലവിക്ക അയാളെ ഒന്ന് വീക്ഷിച്ചു. ഇരുനിറത്തിൽ സുന്ദരനായ ഒരു യുവാവ്."സലീമിന്റെ ഉമ്മാൻ്റെ ഉമ്മ അതായത് ഉമ്മാമ്മ നമ്മളെ ഒരു ബന്ധുവാണ്. ഓലെ തമിഴ്നാട്ടിലേക്കാണ് കല്യാണം കഴിപ്പിച്ചയയച്ചത്.. ഓലെ പേരക്കുട്ടിയാണ് സെലീം.. നമ്മൾ നല്ലൊണം അറിയുന്ന കുടുംബാ."ബ്രോക്കറിന്റെ വാക്കുകൾ മുഴുവനായും അലവിക്കാക്ക് മനസ്സിലായില്ലെങ്കിലും അയാൾ ഒന്നു തലയാട്ടി. "ഇത് ചെക്കൻ്റെ അളിയനാ.."മധ്യവയസ്കനെ കുഞ്ഞഹമ്മദ് പരിചയപ്പെടുത്തി."ന്നാ കുട്ടിനെ വിളിച്ചാലോ അലവിക്കാ "കുഞ്ഞഹമ്മദിൻ്റെ വർത്തമാനം കേട്ട് അലവിക്ക ഒന്ന് ആലോചിച്ചു. വേണോ വേണ്ടേ.. തമിഴ്നാട്ടിലേക്ക് മകളെ കല്യാണം കഴിപ്പിച്ച് അയച്ചാൽ പിന്നെ അവള് ഒരുപാട് ദൂരെ ആകില്ലേ .അയാൾ ആലോചനയോടെ അകത്തേക്ക് നടന്നു .അകത്തെല്ലാം കേട്ട് ഭാര്യയും മകളും നിൽക്കുന്നുണ്ട്. അപ്പോൾ ഇനി ഒന്നും അവരോട് വിശദീകരിക്കേണ്ട കാര്യമില്ല. ചുമരും ചാരി നിൽക്കുന്ന മകളെ ഒന്ന് നോക്കി അയാൾ. സൗന്ദര്യവും പണവും ഇല്ലാത്തതിന്റെ പേരിൽ ഇവിടെ നിന്നു പോയ തന്റെ ഇളയ മകൾ .വയസ്സ് ഇപ്പോൾ തന്നെ ഇരുപത്തഞ്ചായി .ഒരു രണ്ടാംകെട്ടുകാരു പോലും വരുന്നില്ല.ഒരു നിശ്വാസത്തോടെ അലവിക്ക അവളോട് ഒരുങ്ങി വരാൻ പറഞ്ഞു .സുഹ്റത്ത സംശയത്തോടെ ഭർത്താവിനെ നോക്കി ."വന്നതല്ലേ കണ്ടു പൊയ്ക്കോട്ടെ .." സുഹ്റത്ത അടുക്കളയിൽ ചെന്ന് ചായ ഇട്ടപ്പോഴേക്കും നെസീമ ഒരു ചുരിദാർ മാറ്റിയിട്ട് വന്നിട്ടുണ്ട്.കട്ടൻ ചായ അരിച്ച് ചില്ലു ഗ്ലാസിലേക്ക് ഒഴിച്ച് ഡബ്ബയിൽ നിന്ന് അരി മുറുക്ക് എടുത്ത് ഒരു പാത്രത്തിലേക്ക് തട്ടി .മകളുടെ കയ്യിൽ ചായ കൊടുത്ത് മുറുക്കിൻ്റെ പ്ലേറ്റുമായി അവർ പിറകെ ചെന്നു.ഇത് പോലെ എത്രയെത്ര പേരുടെ മുന്നിലാണ് ഒരുങ്ങിക്കെട്ടി നിന്നിട്ടുള്ളത്. അതിനാൽ തന്നെ നെസിക്ക് ഉമ്മറത്തേക്ക് ചെല്ലാൻ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല🌟🌟🌟എല്ലാം കൂടി തട്ടി ഒപ്പിച്ച് പത്തിരുപത് പവൻ ഉണ്ടാക്കിയിട്ടുണ്ട്. നാട്ടുകാരുടെ സഹായവും പിന്നെ കുറച്ചു കടം വാങ്ങിയതും എല്ലാം കൂടി ആയിട്ടാണ് ആഭരണങ്ങൾ അലവിക്ക ഒപ്പിച്ചെടുത്തത്.നാളെയാണ് നിക്കാഹ്. പള്ളിയിൽ വെച്ച് നിക്കാഹ് കഴിഞ്ഞ് വീട്ടിൽ ഒരു സൽക്കാരവും. അത് കഴിഞ്ഞാൽ നാളെത്തന്നെ നെസീമയെയും കൊണ്ട് അവർ തമിഴ്നാട്ടിലേക്ക് പോകും. അതോർക്കുമ്പോൾ അലവിക്കയുടെയും സുഹ്റത്തയുടെയും നെഞ്ചിലൊരു കല്ല് വെച്ചതുപോലെയാണ് .മകൾ കാണാമറത്തേക്ക് പോവുകയാണ്. ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല. പക്ഷേ ഇതും വേണ്ടാന്ന് വെച്ചാൽ പിന്നെ ഒരു ആലോചന വരുമോ എന്ന് കരുതിയാണ് ഈ കല്ല്യാണത്തിന് സമ്മതിച്ചത് തന്നെ. അന്വേഷിച്ചിടത്തോളം ചെക്കനും കൂട്ടരും നല്ല സ്വഭാവക്കാരാണ്. ഇനിയും അങ്ങനെ ആയാൽ മതിയായിരുന്നു.ആ മാതാപിതാക്കൾ മനമുരുകി പ്രാർത്ഥിച്ചു.. സുഹ്റത്തക്ക് അന്ന് ഉറക്കം വന്നില്ല. മകളെ ഓർത്ത് ആ മാതൃഹൃദയം വേദനിച്ചു. മകൾക്ക് ഒരു ജീവിതം കിട്ടുന്നതിനുള്ള സന്തോഷമുണ്ടെങ്കിലും അവൾ ഒരുപാട് ദൂരേക്ക് പോവുകയാണല്ലോ എന്ന ആധിയും ആ മാതാവിൻറെ ഉള്ളം ഭരിച്ചു. നെസീമയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല .എന്തൊക്കെയാണ് അവിടുത്തെ അവസ്ഥ ..അവിടുത്തെ ആളുകളോട് തമിഴ് പറയണ്ടേ.. എങ്ങനെ അവരോട് വർത്താനം പറയുക.. ഒരു എട്ടാം ക്ലാസുകാരിയായ തനിക്ക് മലയാളം തന്നെ ശരിക്ക് എഴുതാനും വായിക്കാനും പ്രയാസമാണ് .പിന്നെ എങ്ങനെയാണ് തമിഴ് പറയുക .മലയാളികൾ തന്നെയാണെങ്കിലും കുറെ കാലമായി അവിടെയല്ലേ...അപ്പോൾ അവരൊക്കെ തമിഴല്ലേ പറയുക..അങ്ങനെയെല്ലാമുള്ള ആധിയുണ്ടെങ്കിലും സലീമിനെ ഓർക്കുമ്പോൾ ഉള്ളം ഒരു തണുപ്പ് പടരുന്നുണ്ട് .ആ പുഞ്ചിരിക്കുന്ന മുഖവും ശാന്തമായ ഭാവവും അവളെ അത്രമേൽ ആകർഷിച്ചിരുന്നു. വേലിക്കൽ നിന്നിരുന്ന മൈലാഞ്ചിയില പൊട്ടിച്ച് അരച്ച് ഈർക്കിൽ കൊണ്ട് മനോഹരമായ പൂക്കൾ വരച്ചു തന്നത് ഇത്താത്ത റസിയയാണ്.കറുത്തിരണ്ട കൈയിൽ ചുവന്നുകിടക്കുന്ന നഖങ്ങളും മൈലാഞ്ചിയും പ്രത്യേക ഭംഗിയുണ്ടെന്ന് നെസിക്ക് തോന്നി .പിറ്റേന്ന് രാവിലെ പള്ളിയിൽ നിക്കാഹ് കഴിഞ്ഞ് ചെക്കനും കൂട്ടരും വീട്ടിലേക്ക് എത്തി.പതിനഞ്ച് പേരടങ്ങുന്ന ഒരു ചെറിയ സംഘം . ഇവിടെ അൽവാസികളും കുടുംബക്കാരും കൂടി ചെറുതല്ലാത്തൊരു വിവാഹസൽക്കാരം നടന്നു .ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവർ തമിഴ്നാട്ടിലേക്ക് മടങ്ങി പോകാനുള്ള ഒരുക്കത്തിലാണ്. ഒരാഴ്ചയെങ്കിലും ഇവിടെ നിന്ന് പോകാം എന്ന് പറഞ്ഞെങ്കിലും അവിടെ സലീമിന് കച്ചവടമാണ്. അതിൽ നിന്നും അങ്ങനെ മാറി നിന്നാൽ ശരിയാവില്ല എന്ന് പറഞ്ഞ് സലീം സ്നേഹത്തോടെ ആ ക്ഷണം നിരസിച്ചു.യാത്ര പറയുമ്പോൾ സുഹ്റത്തയും മകളും ഇറുക്കെ കെട്ടിപ്പിടിച്ചു കരഞ്ഞു. അലവിക്ക എല്ലാം ഉള്ളിലടക്കി .നെസിയുടെ കണ്ണുനീർ തോർന്നതേയില്ല .സുഹ്റത്തയുടെ ആങ്ങള റസാഖിക്കയും ഭാര്യ ജമീലയും കൂടെ പോരുന്നുണ്ട് . ആരും അവിടെ ഒന്നും കണ്ടിട്ടില്ലല്ലോ . നെസിയെ അവിടെ ആക്കിയിട്ടാണ് അവർ തിരിച്ചു പോരുക .കാറിലേക്ക് അവളെ കൈപിടിച്ച് കയറ്റിയത് സലീം തന്നെയാണ് .അവളെ കയറ്റി ഇരുത്തി സലീമും ഇരുന്ന് എല്ലാവരോടും ഒരു പുഞ്ചിരിയോടെ യാത്ര പറഞ്ഞു .വലത്തെ കൈ നസീമയുടെ തോളിലൂടെ ഇട്ട് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച സലീമിനെ കണ്ടപ്പോൾ നെസിയുടെ വീട്ടുകാർക്ക് ആശ്വാസം തോന്നി .തന്റെ മകൾ സുരക്ഷിതമായ കൈകളിൽ തന്നെയാണല്ലോ എന്നാ വൃദ്ധ ദമ്പതികൾ ആശ്വസിച്ചു. കാർ അങ്ങ് നീങ്ങിയതും സുഹ്റത്ത അകത്തേക്ക് ചെന്ന് കട്ടിലിൽ കിടന്നു പൊട്ടിക്കരഞ്ഞു. അലവിക്ക ചാരുകസേരയിലേക്ക് കിടന്നു . മകളെക്കുറിച്ച് ഓർത്തോർത്ത് അദ്ദേഹത്തിൻറെ ഇരു ചെന്നിയിലൂടെയും കണ്ണുനീർ ഒഴുകി. റസിയക്കും ആബിദാക്കും അങ്ങേയറ്റം വിഷമമുണ്ടെങ്കിലും തങ്ങളുടെ അനിയത്തിക്ക് ഒരു ജീവിതം കിട്ടിയല്ലോ എന്ന ആശ്വാസവും അവൾക്കുണ്ട്. തൻ്റെ വീടും നാടും അകന്നകന്ന് പോകുന്നത് കണ്ട് നെസി കരച്ചിലടക്കി.അരികിലിരിക്കുന്നവൻ അവളുടെ മുതുകിൽ പതിയെ തട്ടി.റസാഖിക്കയും ഭാര്യയും പരസ്പരം നോക്കി പുഞ്ചിരിച്ചു.അയൽക്കാരും കുടുംബക്കാരും എല്ലാം പിരിഞ്ഞു പോയപ്പോൾ ആ കൊച്ചു വീട്ടിൽ ഒരു മൂകത തളം കെട്ടി നിന്നു. ഒരേസമയം മകളെക്കുറിച്ച് ആശ്വസിക്കുകയും അതേസമയം വേദനിക്കുകയും ചെയ്യുന്ന ആ മാതാപിതാക്കൾ വീട്ടിനുള്ളിൽ ചുരുണ്ടു കൂടി .🌟🌟🌟കുതിച്ച് കിതച്ച് വന്ന് നിന്ന തീവണ്ടിയിലേക്ക് കയറുമ്പോൾ നെസിയുടെ കാലുകൾ വിറച്ചു.തീവണ്ടി ദൂരേന്ന് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കയറുന്നത്. തിരക്കി ആളുകൾ കയറുന്നതിനനുസരിച്ച് അവളും അതിനുള്ളിൽ കയറിപ്പറ്റി.തൻറെ വലതു കൈ മുറുകെ പിടിച്ചിരിക്കുന്നവനിലേക്ക് ഇടയ്ക്കിടെ കണ്ണുകൾ നീണ്ടു.ഒഴിഞ്ഞു കിടന്ന നീളൻ സീറ്റിലെ ജനാലക്ക് അരികിലേക്ക് അവളെ ഇരുത്തി അവനും തൊട്ടരികിൽ ഇരുന്നു.നെസിക്ക് ആകെ ഒരു വെപ്രാളം തോന്നി .ആദ്യമായാണ് ഇങ്ങനെ ഒരു പുരുഷനോടൊപ്പം ഇത്ര അടുത്ത് ഇരിക്കുന്നത്. പേടിയെന്തിന് തന്നെ കെട്ടിയ ആൾ തന്നെയല്ലേ.. അവൾ ആശ്വസിക്കാൻ ശ്രമിച്ചു .എങ്കിലും എന്തോ ഒരു മടി. അവൾ ഒന്നുകൂടി ജനലരികിലേക്ക് ഒതുങ്ങിയിരുന്നു.ഒന്നിളകി കൂകി വിളിച്ച് പായുന്ന ആ വണ്ടിക്കുള്ളിലിരുന്ന് അവൾ അത്ഭുതത്തോടെ പുറം കാഴ്ചകളിലേക്ക് കണ്ണു നട്ടു .ഓടിമറയുന്ന മരങ്ങളും മനുഷ്യരും എല്ലാം അവളുടെ കണ്ണുകൾ ഒപ്പിയെടുത്തു .ഇപ്പോ മനസ്സിൻ്റെ സങ്കടം ഒന്ന് നീങ്ങിയിട്ടുണ്ട്.കാരണം തൊട്ടരികിൽ ഇരിക്കുന്നവൻ തന്നെ..ഈ ആളിങ്ങനെ അടുത്തുണ്ടാകുമ്പോൾ ഇന്ന് വരെ അനുഭവിക്കാത്ത എന്തോ ഒന്ന് ഉള്ളം നിറക്കുന്നുണ്ട്..സന്തോഷമാണോ.. .സമാധാനമാണോ...അതോ ഇനിയിതാണോ പലരും പറയുന്ന സ്നേഹം.അവളോർത്തു."നെസീ...അതേ ഒന്നിങ്ങു നോക്കടോ.. ഞാനിവിടെയുണ്ട് ട്ടോ .."അരികിലിരുന്നവൻ കാതിൽ പതിയെ പറഞ്ഞതും അവൾ അത്ഭുതത്തോടെ മുഖമുയർത്തി. ആദ്യമായാണ് തന്നെ ഒരാൾ നെസീ എന്നൊക്കെ വിളിക്കുന്നത്. നെസീമ എന്നാണ് എല്ലാവരും വിളിക്കാറ്. ആ നോട്ടം കണ്ടവൻ എന്തേ എന്നർത്ഥത്തിൽ പുരികങ്ങൾ ഒന്നുയർത്തി. പരിഭ്രാന്തിയോടവൾ നോട്ടം മാറ്റി . പുറത്തേക്ക് തന്നെ മിഴി പായിച്ചവളിൽ മനോഹരമായൊരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു നിന്നു.തൻ്റെ ഇടതു കൈക്കുള്ളിൽ ഭദ്രമായിരുന്ന അവളുടെ വലത് കരം പതിയെ ഒന്നമർത്തിയവൻ.
ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് വരുന്ന ആ വെള്ള അംബാസഡർ കാർ കണ്ട് ചായക്കടയിൽ ഇരുന്നവരെല്ലാം കൗതുകത്തോടെ .....