27/04/2018
കേരളാവിഷന്‍ ഇനി സാറ്റലൈറ്റ് ചാനല്‍
കേബിള്‍ ചാനലായി നെറ്റ് വര്‍ക്കിലൊതുങ്ങിയിരുന്ന കേരളാവിഷന്‍ സാറ്റലൈറ്റ് ചാനലായി ഇനി ആഗോള പ്രേക്ഷകരിലേക്ക്. കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ( സി ഒ എ) സംരംഭമായ കെ സി ബി എല്ലിന്‍റെ കേരളാവിഷന്‍ ചാനല്‍ ഏപ്രില്‍ 28 ന് വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്കമാലി അഡ് ലക്സ് കണ്‍വന്‍ഷന്‍ സെന്‍റെറില്‍ ഉദ്ഘാടനം ചെയ്യും. നടന്‍ വിജയ് സേതുപതി മുഖ്യാതിഥി ആയിരിക്കും. വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ആകര്‍ഷകമായ കലാ വിരുന്ന് അരങ്ങേറും.
മൂവായിരത്തഞ്ഞൂറോളം ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍ മാരുടെ കൂട്ടായ്മയായ സി ഒ എ ഇതോടെ സാറ്റലൈറ്റ് ചാനല്‍ രംഗത്തേക്കും പ്രവേശിക്കുകയാണ്. 23 ലക്ഷം വരിക്കാര്‍ സ്വന്തമായുള്ള കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ കേബിള്‍ ടി വി സര്‍വ്വീസാണ് കേരളാവിഷന്‍ ഡിജിറ്റല്‍ ടി വി. കൂടാതെ ബ്രോഡ് ബ്രാൻഡ് സേവന രംഗത്തും കേരളാ വിഷന്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ജനറല്‍ എന്‍റെര്‍ടൈന്‍മെന്‍റ് ചാനലായാണ് കേരളാ വിഷന്‍ പ്രേക്ഷകരില്‍ എത്തുന്നത്. സീരിയല്‍, സിനിമ, റിയാലിറ്റി ഷോ മറ്റു വിനോദപരിപാടികള്‍ എന്നിവയായിരിക്കും മുഖ്യ ഉള്ളടക്കം. നിലവിലുള്ള ഉള്ളടക്ക വിപണന രീതികളോട് സന്ധി ചെയ്യുമ്പോഴും വേറിട്ട മാധ്യമസമീപനം കേരളാ വിഷന്‍ പുലര്‍ത്തുമെന്ന് കെ സി ബി എല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍ പറയുന്നു.
"നാല്പതിലേറെ ചാനലുകളുള്ള മത്സര മേഖലയിലേക്കാണ് കേരള വിഷന്‍ കടന്നു വരുന്നത്.പ്രാദേശിക ദൃശ്യ മാധ്യമ രംഗത്ത് 2 പതിറ്റാണ്ടിലേറെ പരിചയമുള്ളതാണ് കേബിള്‍ ടിവി കൂട്ടായ്മ. പ്രേക്ഷക താല്പര്യങ്ങള്‍ കൃത്യമായി അറിവുള്ളവരാണ് ഞങ്ങള്‍.പ്രാദേശിക മാധ്യമ പ്രവര്‍ത്തനത്തിന്‍റെ പരിമിതികള്‍ മറികടക്കാനാണ് കേരള വിഷനിലൂടെ ഞങ്ങളുടെ ശ്രമം.മറ്റു ചാനലുകള്‍ക്കില്ലാത്ത വിഭവ ശേഷി ഞങ്ങള്‍ക്കുണ്ട്." പ്രാദേശികമായ അത്തരം വിഭവങ്ങള്‍ ആഗോള മലയാളീ പ്രേക്ഷകര്‍ക്കെത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് പ്രവീണ്‍ മോഹന്‍ പറയുന്നു.
നൂറു കണക്കിനുള്ള പ്രാദേശിക ചാനലുകളുടെ പിന്തുണയോടെയാണ് കേരള വിഷന്‍ പ്രവര്‍ത്തിക്കുകയെന്ന് മാനേജിംഗ് ഡയരക്ടര്‍ മാമ്പ്ര രാജ് മോഹന്‍ പറയുന്നു. പൂര്‍ണമായ ഒരു കുടുംബ വിനോദ ചാനലായിരിക്കും ഇത്. എല്ലാ വിഭാഗം പ്രേക്ഷകരെയും അഭിസംബോധന ചെയ്യും. സ്വതന്ത്രമായ ജനപക്ഷമുഖമായിരിക്കും കേരള വിഷന് ഉണ്ടാവുക. ഐഎസ് 17 ഉപഗ്രഹത്തിലൂടെ 52 രാജ്യങ്ങളില്‍ ചാനല്‍ ലഭ്യമാകും.ഡിജിറ്റല്‍ കേബിള്‍,, ഡി.ടി.എച്ച്. പ്ലാറ്റ് ഫോമുകളില്‍ ചാനല്‍ ഉള്‍പ്പെടും. ഏറ്റവും മികച്ച ടെക്നോളജിയാണ് കേരള വിഷന് വേണ്ടി ഉപയോഗപ്പെടുത്തുന്നത്. പരിചയ സമ്പന്നരായ പ്രൊഫഷനലുകളടങ്ങുന്ന മികച്ചൊരു ടീമാണ് ഈ ചാനലിനായി പ്രവര്‍ത്തിക്കുന്നത് - രാജ് മോഹന്‍ വിശദീകരിച്ചു.
വ്യത്യസ്തമായൊരു ഫീല്‍ ഗുഡ് ചാനലായിരിക്കും കേരള വിഷനെന്ന് വൈസ് പ്രസിഡണ്ട് കണ്ടന്‍റ് പ്രകാശ് മേനോന്‍ പറയുന്നു. മാര്‍ക്കറ്റബിലിറ്റി വളരെ പ്രധാനമാണ്. അതിനു കൂടി പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ഉള്ളടകം തയ്യാറാക്കുക. പുതുമയുള്ള മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി കേരള വിഷന്‍ സ്വീകരിക്കും. പ്രാദേശിക ,ദേശീയ, പരസ്യ, വിപണികളെ ഒരുപോലെ ലക്ഷ്യമിടുന്നു.
ചെറുകിട സംരഭകരുടെ മുന്‍കയ്യില്‍ രൂപം കൊണ്ട് , വിജയ പഥത്തിലെത്തിയ കേരളത്തിലെ ശ്രദ്ധേയമായൊരു ബ്രാന്‍ഡ് ആണ് കേരള വിഷനെന്ന് സി.ഒ.എ. സംസ്ഥാന പ്രസിഡണ്ട് കെ.വിജയ കൃഷ്ണന്‍ പറയുന്നു. പ്രാദേശിക രാഷ്ട്രീയവും അധിനിവേശത്തിനെതിരെയുള്ള ചെരുത്തുനില്‍പ്പുമാണ് വിജയ വഴികളില്‍ കേരള വിഷന്‍റെ ശക്തി. 23 ലക്ഷം വരിക്കാരുടെ താല്പര്യം പരിരക്ഷിക്കുന്ന ജനപക്ഷ ചാനലാകണം കേരള വിഷന്‍ എന്നതാണ് കേബിള്‍ ഓപ്പറേറ്റെഴ്സ് അസോസിയേഷന്‍റെ സങ്കല്പമെന്നും വിജയ കൃഷ്ണന്‍ പറയുന്നു.
രണ്ടു പതിറ്റാണ്ടിലേറെ കാലത്തെ പ്രാദേശിക മാധ്യമാനുഭവങ്ങള്‍ ആഗോള മലയാളീ പ്രേക്ഷകര്‍ക്കെത്തിക്കുകയെന്നതാണ് കേരള വിഷന്‍റെ ലക്ഷ്യമെന്ന് സി..ഒ.എ. ജനറല്‍ സെക്രട്ടറി കെ.വി.രാജന്‍ കൂട്ടിച്ചേര്‍ത്തു. സി.ഒ.എ. യുടെ സുപ്രധാനമായൊരു ചുവടുവെയ്പ്പാണിത്. വൈകാതെ ന്യൂസ് ചാനലും ആരംഭിക്കും.
പ്രവീണ്‍ മോഹന്‍ ( ചെയര്‍മാന്‍), മാമ്പ്ര രാജ് മോഹന്‍ (എം.ഡി), ബിനു ശിവദാസ്, കെ..വിജയ കൃഷ്ണന്‍, ഗോപകുമാര്‍, പ്രമോദ് കുമാര്‍, ഷുക്കൂര്‍ കോളിക്കര, വിഷ്ണു നമ്പൂതിരി എന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡാണ് കേരള വിഷന് നേതൃത്വം നല്‍കുന്നത്.